Monday, September 28, 2015

വേലിയില്ലാത്ത വസ്തുക്കള്‍




മകള്‍ വാശിയിലാണ്. മാതാവും മോശമല്ല.... “ചത്താലും ഞാന്‍ അവനെയോ കെട്ടൂ.” മകള്‍ നയം വ്യക്തമാക്കി. “ഞാന്‍ ചത്തിട്ടേ നിന്നെ അവന്‍ കെട്ടൂ.” മാതാവ് മറുതലിച്ചു. “എനിക്കവനെ മറക്കാനാകില്ല.” മകള്‍ ഉറപ്പിച്ചു. “മറക്കേണ്ടവനെയൊക്കെ മറന്നേ പറ്റു.” മാതാവ് തറപ്പിച്ചു. “മമ്മിക്ക് പപ്പായെ മറക്കാനാകുമോ?” മകളുടെ മുനവെച്ച ചോദ്യം. “മരിച്ചെങ്കിലും അങ്ങേരെന്‍റെ ഭര്‍ത്താവല്ലേ... എനിക്ക് മറക്കാനാവില്ല”. മാതാവിന്‍റെ മിഴിനനഞ്ഞ മറുപടി. “എങ്കില്‍ എനിക്ക് രാഹുലിനെയും മറക്കാനാവില്ല.” മകള്‍ മൊഴിഞ്ഞു. “അതിനു അവന്‍ നിന്നെ കെട്ടിയിട്ടില്ല, നിനക്ക് മക്കളുമില്ലല്ലോ?” മാതാവ് മുഷിഞ്ഞു. സംവാദം സംഘര്‍ഷമാകാതെ ഞാന്‍ ശ്രദ്ധിച്ചു കേട്ടിരുന്നു.

അന്യജാതിക്കാരനും ആന്ധ്രാസ്വദേശിയുമായ രാഹുലിനെ രശ്മി കണ്ടുമുട്ടിയത് B. D. S. പഠനത്തിനിടയിലാണ്. ‘വായില്‍ നോട്ടത്തിനു’ പഠിക്കുന്ന ഇരുവരും തമ്മിലുള്ള സഹകരണ ‘വായ് നോട്ടമായി’ അത് പരിണമിച്ചു. SMS –ഉം, സ്കൈപ്പും ഫേസ്ബുക്കും വാട്സ്ആപ്പും വൈബറുമെല്ലാം അകമ്പടി സേവിച്ചു. വീട്ടില്‍ വിവരമറിഞ്ഞപ്പോള്‍, മകളുടെ മനം മാറ്റാന്‍ മാതാവ്‌ മകളുമൊത്ത് എത്തിയതാണ്. ഒടുവില്‍ ഞാനൊരു ഉപാധി പറഞ്ഞു: “പയ്യനെ പെണ്ണുമാത്രമല്ലേ കണ്ടിട്ടുള്ളൂ. അമ്മയും അങ്കിളുമാരുമൊക്കെയായി പയ്യന്‍റെ ചുറ്റുവട്ടങ്ങള്‍ കണ്ടറിഞ്ഞിട്ടു കെട്ടുറപ്പിക്കാം”. പെണ്ണുകൂടി ചെറുക്കന്‍ വീട്ടില്‍ ഒന്നുപോയി കാണട്ടെ എന്ന് ഞാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ കേരളത്തിലെ പെണ്ണുകാണല്‍ ചരിത്രത്തില്‍ ആദ്യമായി കെട്ടിനുമുന്‍പൊരു കുട്ടി കെട്ടിയോനാകാനുള്ളവന്‍റെ വീട്ടില്‍ പോയി!!!

ആഴ്ച ഒന്ന് കഴിഞ്ഞു. വാടി വിവശയായ മോളും, വായ്നിറയെ ചിരിയുമായി അമ്മയുമെത്തി. പ്രണയവേളയില്‍ പയ്യന്‍ പറഞ്ഞതൊക്കെ പച്ചകള്ളമായിരുന്നത്രേ! പെരുത്ത ബിസിനസുകാരന്‍റെ മകനെന്നും, വമ്പിച്ച ഭൂസ്വത്തിന്‍റെ ഉടമയെന്നും വീമ്പിളക്കിയവന്‍ പെണ്‍കൂട്ടര്‍ എത്തുന്ന വിവരമറിഞ്ഞ് മുങ്ങിയത്രേ. ഒടുവില്‍ തപ്പിപ്പിടിച്ച് അവന്‍റെ കൊട്ടാരം കണ്ടുപിടിച്ചപ്പോള്‍ പെണ്ണ് എട്ടുനിലയില്‍ പൊട്ടിപ്പോയി!! പുറമ്പോക്കിലൊരു തകരക്കൂടാരം! പാന്‍പരാഗു വിറ്റുനടക്കുന്ന ‘ബിസിനസുകാരന്‍ അപ്പന്‍!’ ആറുമക്കളില്‍ ആദ്യജാതന്‍! സ്ഥലത്തെ കത്തോലിക്കാപള്ളിയിലെ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പണംമുടക്കി പഠിപ്പിക്കുന്ന അവന്‍റെ പകിട്ടും പത്രാസും പുറമ്പൂച്ചു മാത്രമായിരുന്നു!! “ഇവള്‍ നേരിട്ടെല്ലാം കണ്ടത് കുരുത്തമായി...ഇല്ലെങ്കില്‍ ഞങ്ങള്‍ കള്ളം പറഞ്ഞെന്നു കരുതിയേനെ....” അമ്മ ആശ്വാസനിശ്വാസമുതിര്‍ത്തു... നഷ്ടപ്രണയത്തില്‍ നിന്നും ഇഷ്ടം പോലെ പാഠമുള്‍ക്കൊണ്ട്, ഇനിയും കഷ്ട്ടപ്പെട്ടു പഠിക്കാനും, ഇഷ്ടപ്പെട്ട ഡിഗ്രി നേടാനും, അമ്മയ്ക്ക് കഷ്ട്ടപ്പാടുണ്ടാക്കാതെ ഇഷ്ടമകളായി തീരാനും തീരുമാനമെടുത്താ പെണ്‍കുട്ടി മടങ്ങി.

“വിവേകി ആപത്തു കണ്ടറിഞ്ഞു ഒഴിഞ്ഞുമാറുന്നു. അല്പബുദ്ധി അതിലേയ്ക്കു ചെന്ന് ശിക്ഷ അനുഭവിക്കുന്നു” (സുഭാ. 27:12).

കണ്ണൊന്നു കാണിച്ചാലുടനേ കരളുപറിച്ച് കൊടുക്കുന്ന വിവരമില്ലായ്മ ഇന്ന് പല വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. പ്രണയവിവശതയില്‍ വെളിവും വിവേകവും വിട്ടൊഴിഞ്ഞ് വേണ്ടാതനങ്ങളില്‍ വീണിട്ട് വിലപിച്ചു കഴിയുന്നവരുമുണ്ട്. മേനിയഴകിലും മോഹനവാഗ്ദാനങ്ങളിലും മയങ്ങിവീണു മാനംപോയവരുടെ കഥകള്‍ക്ക് മാധ്യമങ്ങളില്‍ പഞ്ഞമില്ല. എന്നിട്ടും വീണ്ടുവിചാരമില്ലാതെ മണ്ടത്തരം കാട്ടുന്നവര്‍ക്ക് മാനംകളഞ്ഞും മാറാത്തടിച്ചും നീറിക്കഴിയേണ്ടിവരും. വേലിയില്ലാത്ത വസ്തുവില്‍ ആരും വലിഞ്ഞുകയറുമെന്നോര്‍ക്കുക.


“നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും” (പ്രഭാ. 3:26)

No comments:

Post a Comment