നേട്ടക്കണക്കുകള്‍ കൂട്ടിക്കൂട്ടി
ഒടുവില്‍ അവനാ കെട്ടങ്ങുറപ്പിച്ചു. ഓട്ടക്കാശിനുപോലും വകയില്ലാതെ തട്ടിമുട്ടി
പോകവെയാണ് രണ്ടാംകെട്ടുകാരിയുടെ വിവാഹപ്പരസ്യം കണ്ടത്. “തന്‍റെതല്ലാത്ത കാരണത്താല്‍”
ആദ്യകെട്ടു പൊട്ടിപ്പോയ രേഖ എന്ന ഹതഭാഗ്യ!! അവള്‍ക്കൊരു ജീവിതം കൊടുത്തേക്കാമെന്ന്
രാജേഷ് തീരുമാനിച്ചു. വെറുതെയല്ല!! ഇറ്റലിയില്‍ ജോലിയുള്ള പെണ്ണ്! എഴുപതടുത്ത
മാതാപിതാക്കളുടെ ഏകമകള്‍! കെട്ടോടെ ഇറ്റലിക്ക് വിട്ടേക്കാം എന്നുറപ്പ്!
പത്തുവയസ്സോളം പ്രായക്കൂടുതല്‍ പെണ്ണിനുണ്ടെങ്കിലെന്താ, പൂത്ത പണമല്ലേ ഉള്ളത്?
രേഖയുടെ വീടുംപറമ്പും മാതാപിതാക്കളുടെ കാലശേഷം തന്‍റെ കൈയ്യില്‍ വന്നുചേരുമെന്നും
രാജേഷ് കണക്കുകൂട്ടി. ആദ്യവിവാഹം അസാധുവാക്കാനുള്ള അവസരവും നോക്കിയിരുന്നാല്‍
നെരംപോകും! ആരെങ്കിലും തട്ടിയെടുത്താലോ ? ആഘോഷമായി പള്ളിയില്‍ വെച്ച് കെട്ടുനടത്തണമെങ്കില്‍
കേസും കോടതിയുമായി വര്‍ഷങ്ങളെടുക്കും. കിട്ടിയ ഭാഗ്യദേവത വിട്ടുപോയാലോ? അധികമാരുമറിയാതെയും
ആര്‍ഭാടരഹിതമായും ഒതുക്കത്തിലങ്ങു കാര്യം നടത്താന്‍ ഇരുവരും തീരുമാനിച്ചു. സര്‍ക്കാരാഫീസിനെ
മണ്ഡപമാക്കി, രജിസ്ട്രാറെ കാര്‍മ്മികനാക്കി ലളിതസുന്ദരമായി വിവാഹം പരികര്‍മ്മം
ചെയ്തു.
ആദ്യ ആഴ്ച ആഘോഷപൂര്‍വ്വം അടിച്ചുപൊളിച്ചു. രാജേഷിന്‍റെ മാതാപിതാക്കള്‍ക്കും
ഏക അനിയനും പുതിയ ‘ചേച്ചിയെ’ ഇഷ്ടവുമായി. പക്ഷേ കാര്യം കഷ്ടത്തിലാകാന്‍ അധിക നേരം
വേണ്ടല്ലോ? തൊട്ടതിനെല്ലാം ഭാര്യയോട് ‘തുട്ടു’ ചോദിക്കുന്ന ഭര്‍ത്താവിനോട്
ഭാര്യക്ക് ഇഷ്ടക്കേടായി. ഹോട്ടലില്‍ കൊടുത്ത ‘ടിപ്പി’നു പോലും കണക്കുപറയുന്നവളോട്
രാജേഷിനും നീരസമായി. പൊട്ടിത്തെറിക്കാതെ ഒട്ടിനിന്നു കഴിയുന്നത്ര
വെട്ടിപ്പിടിക്കാനായി രാജേഷ് കഷ്ടപ്പെട്ടു.
ഇതിനിടയിലാണ് ‘തന്‍റെതല്ലാത്ത
കാരണത്താല്‍’ വിവാഹമോചനം നേടിയ രേഖയുടെ ‘നേര്‍രേഖ വിട്ട’ പോക്കുകള്‍ ശ്രദ്ധയില്‍പെട്ടു
രാജേഷ് ഞെട്ടിയത്! മണിക്കൂറുകള്‍ നീളുന്ന ഫോണ്‍വിളികള്‍! മെനക്കെട്ടിരുന്നുള്ള നെറ്റിലെ
ചാറ്റുകള്‍!! നെഞ്ചില്‍ കൊള്ളുന്ന കൊഞ്ചല്‍ മൊഴികള്‍! ഒടുവിലവനാവഞ്ചന
തിരിച്ചറിഞ്ഞു. എങ്കിലും ഇറ്റലിസ്വപ്നവുമായി, തെറ്റെല്ലാം പൊറുത്ത്, നീറ്റലുമകറ്റി
അവന്‍ തോറ്റുകൊടുത്തു. വര്‍ഷം രണ്ടു കഴിഞ്ഞു! ഇറ്റലിക്കു പകരം അവള്‍ തന്നെ ‘ഒറ്റാലില്‍’പ്പെടുത്തിയെന്ന്
രാജേഷ് മനസ്സിലാക്കി . നാട്ടുകാരെ ബോധിപ്പിക്കാനൊരു പേരിനു മാത്രമുള്ള ഭര്‍ത്താവിനെയേ
രേഖയ്ക്കാവശ്യമുള്ളു. ബാക്കിയെല്ലാ കാര്യങ്ങള്‍ക്കു ഇറ്റലിയില്‍ ചുറ്റുന്ന അവള്‍ക്ക്
മറ്റു ആണുങ്ങളേറെയുണ്ട്. ഇതിനിടെയില്‍ ആദ്യഭര്‍ത്താവു നല്കിയ അനുഭവസാക്ഷ്യങ്ങള്‍കൂടി
കേട്ടതോടെ തളര്‍ന്നുപോയ അവനെ തണുപ്പിച്ചെടുക്കാന്‍ മണിക്കൂറുകള്‍ എടുത്തു. “ധനത്തിനു വേണ്ടി
സ്ത്രീയെ മോഹിക്കരുത്. ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചു കഴിയുന്നവന് കോപവും
നിന്ദയും അപകീര്‍ത്തിയും ഫലം!”
(പ്രഭാ. 25: 32).
കൂട്ടിക്കിഴിച്ച് നേട്ടം കൊയ്യാനായി
ശരിയായ നോട്ടംപോലുമില്ലാതെ കെട്ടുന്ന ഒട്ടു മിക്ക വിവാഹങ്ങളും പൊട്ടിപ്പോകും.
വിദേശജോലിക്കാരെ കെട്ടി സ്വദേശം വിട്ട പലരുമിന്ന് സ്വഭവനങ്ങളില്‍ പോലും പരദേശികളായി പാര്‍ക്കേണ്ടിവരുന്നു. ശമ്പളക്കൂടുതലുള്ള
ഭാര്യമാരുടെ വീമ്പിളക്കലുകള്‍ക്കു മുന്‍പില്‍ കൊമ്പുകുത്തി കുമ്പിട്ടിരിക്കുന്ന
വമ്പന്മാരുണ്ട്. നൊമ്പരം മാറ്റാന്‍ കമ്പനികൂടി കുടിച്ചു കൂമ്പുവാടി അമ്പേ
ഒടുങ്ങിയവരുമുണ്ട്. വിവാഹത്തിന്‍റെ സ്വഭാവമായ ഏകതയും അവിഭാജ്യതയും
പാലിക്കപ്പെടാനും, ലക്ഷ്യമായ ജീവദായകസ്നേഹം പൂര്‍ത്തിയാക്കാനും ശരിയായ അന്വേഷണങ്ങളും
നേരായ നിലപാടുകളും കൂടിയേ തീരൂ..
“സൗകുമാര്യം വഞ്ചനനിറഞ്ഞതും, സൗന്ദര്യം
വ്യര്‍ത്ഥവുമത്രേ. എന്നാല്‍ ദൈവഭക്തിയുള്ള സ്ത്രീ പ്രശംസയര്‍ഹിക്കുന്നു”
(സുഭാ. 31:30)
No comments:
Post a Comment