കൌമാരക്കാരുടെ
ഇടയിലുള്ള ആത്മഹത്യപൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ പറ്റുമോ? വളരെ സ്വാഭാവികമായൊരു
ചോദ്യമാണ് ഇത്. ക്ഷിപ്രപ്രതികരണമായി ഉണ്ടാകുന്ന ആത്മഹത്യകള്‍ (Impulsive
Suicide) എല്ലാംതന്നെ തടയാന്‍ കഴിഞ്ഞു എന്ന് വരില്ല.എങ്കിലും
ഒരു വലിയ പങ്ക്ആത്മഹത്യകളും ഒഴിവാക്കാന്‍ കഴിയുന്നവയാണ്.
- വിഷാദരോഗം തിരിച്ചറിയുക, ചികിത്സിക്കുക
സ്ഥിരമായി താഴ്ന്നു നില്‍ക്കുന്ന മൂഡ്, ഒന്നിനോടും താല്പര്യം ഇല്ലാത്ത അവസ്ഥ,
ഊര്‍ജസ്വലതയില്ലായ്മ, ഏകാഗ്രതയില്ലായ്മ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, വിവിധ
തരത്തില്ലുള്ള ശാരീരികാസ്വസ്ഥതകള്‍, നിരാശ, ശുഭാപ്തിവിശ്വാസമില്ലായ്മ- ഇവയൊക്കെ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആവാം.വിഷാദരോഗത്തിന് കാരണമായി ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍
ഒന്നും ഉണ്ടാവണമെന്നില്ല. മസ്തിഷ്കത്തിലെ വികാരനിയന്ത്രണ കേന്ദ്രങ്ങളില്‍
ഉണ്ടാകുന്ന തകരാറുകള്‍ മൂലം വിഷാദരോഗം (Depression) ഉണ്ടാകാം.
വിഷാദരോഗത്തിന്‍റെ ഫലമായി പഠനത്തില്‍ പിന്നാക്കം പോകാന്‍ സാധ്യതയുണ്ട്. അമിതമായ
ഈര്‍ഷ്യയും ദേഷ്യവും ഒക്കെയായി കൌമാരക്കാരില്‍ വിഷാദം പ്രത്യക്ഷപ്പെടാം.
ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് കുട്ടിയുടെ തോന്നലോ മനപ്പൂര്‍വമുള്ള
പരിശ്രമക്കുറവോ ആയി തള്ളിക്കളയരുത്.
2. 2. പഠനവൈകല്യങ്ങള്‍: തിരിച്ചറിയലും
പരിഹരിക്കലും
കുട്ടികളിലും കൌമാരക്കാരിലും ഉണ്ടാകുന്ന ഒരു നല്ല പങ്ക് ആത്മഹത്യകള്‍ക്കും
പഠനസംബന്ധമായ പ്രശ്നങ്ങള്‍ ആണ് കാരണം. Attention Deficit Hyper Activity Disorder (ADHD);
Specific Learning Disorder Dyslexia- (SLD) എന്നിങ്ങനെയുള്ള തകരാറുകള്‍ തിരിച്ചറിയപ്പെടാതെ
പോകാം. തിരിച്ചറിയപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യാതെ പോയാല്‍ ഇവ പഠന
പരാജയത്തിലേക്ക് നയിക്കാം. ബുദ്ധിശക്തിയും കഴിവും ഉണ്ടായിട്ടും പഠനത്തില്‍ പിന്നാക്കം
പോകുന്ന കുട്ടികള്‍ക്ക് ഇത്തരം തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം
പ്രശ്നങ്ങള്‍ ഉള്ള കുട്ടികളെ തിരിച്ചറിയാനുള്ള പരിശീലനം അധ്യാപകര്‍ക്ക് നല്‍കേണ്ടതാണ്.
3. 3. ഉത്ക്കണ്ഠ രോഗങ്ങള്‍:
തിരിച്ചറിയലും പരിഹരിക്കലും
രോഗമില്ലാത്ത രോഗലക്ഷണങ്ങള്‍ (ഉദാ: വയറുവേദന, തലകറക്കം), അമിതഭയം, സ്ക്കൂളില്‍
പോകാന്‍ മടി, പരീക്ഷാഭയം, Obsessive Compulsive Disorder (OCD) എന്നിങ്ങനെയുള്ള ലക്ഷണങ്ങളുമായിട്ടാവാം ഉത്ക്കണ്ഠ രോഗങ്ങള്‍
പ്രത്യക്ഷപ്പെടുന്നത്. എത്ര പഠിച്ചാലും, എത്ര ആവൃത്തി റിവിഷന്‍ ചെയ്താലും തൃപ്തി
വരാത്ത മാനസികാവസ്ഥയും, മണിക്കൂറുകളോളം കുളിച്ചാലും വൃത്തിയായി എന്നാ ബോധ്യം
വരാത്ത അവസ്ഥയും ചികിത്സ ആവശ്യമുള്ള രോഗമാണ് എന്ന് പലപ്പോഴും മാതാപിതാക്കള്‍
മനസ്സിലാക്കി എന്ന് വരില്ല.
ഇവയൊക്കെ കുട്ടി വളരുമ്പോള്‍ തനിയെ മാറിക്കൊള്ളും എന്ന് കരുതാതെ, വേണ്ട
ചികിത്സകള്‍ നേരത്തെ ചെയ്യണം. പെരുമാറ്റചികിത്സയും (Behavior Therapy), ഔഷധചികിത്സയും വളരെ ഫലപ്രദമാണ്.
4. 4. സൈക്കോസിസുകള്‍ തിരിച്ചറിയുക, ചികിത്സിക്കുക
ഗൌരവമായ മാനസികരോഗങ്ങളുടെ (Psychosis or major mental disorders) തുടക്കം കൌമാരപ്രായത്തിലാകാം. അമിതമായ ഉള്‍വലിയല്‍ (Social
Withdrawal), അസാധാരണമായ ചിന്തകളും സംശയങ്ങളും (Delurcious), മതിഭ്രമങ്ങള്‍ (Hallucinations – അശരീരിശബ്ദം കേള്‍ക്കുക തുടങ്ങിയ) എന്നിവ സൈക്കോസിസിന്‍റെ ലക്ഷണങ്ങളാവാം.
സ്കിസോഫ്രീനിയ
പോലുള്ള ഗൌരവമായ മനോരോഗങ്ങള്‍ നൂറില്‍ ഒരാളെ ബാധിക്കുന്നു എന്നും, അവയുടെ തുടക്കം
കൌമാരപ്രായത്തിലാണ് എന്നും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം രോഗങ്ങള്‍
കണ്ടുപിടിക്കാനും ചികിത്സിക്കാനും വൈകുന്നത് ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം.
5. 5. പ്രകൃത വ്യതിയാനങ്ങള്‍
മനസിലാക്കുക; ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക
പെട്ടന്നു വികാരങ്ങള്‍ക്ക് വശംവദരാകുന്ന (Sensitive) പ്രകൃതമുള്ള കുട്ടികള്‍, ഉദ്ദേശിച്ച കാര്യങ്ങള്‍ അതേപടി നടക്കാതെ വരുമ്പോള്‍
പൊട്ടിത്തെറിക്കുകയും അമിതമായി പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ (low frustration
tolerance), മറ്റുള്ളവര്‍ തന്നെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ
ചെയ്യുന്നില്ല എന്ന് എപ്പോഴും വിചാരിക്കുന്ന പ്രകൃതക്കാര്‍, പ്രതിസന്ധികള്‍ വരുമ്പോള്‍
പെട്ടന്ന്‍ തന്നെ പരാജയം സമ്മതിക്കുകയും ഒളിച്ചോടുകയും ചെയ്യും പ്രകൃതക്കാര്‍ എന്നിങ്ങനെ
ബുദ്ധിമുട്ടുള്ള പ്രകൃതമുള്ള കുട്ടികളും
കൌമാരക്കാരും പ്രശ്നങ്ങളില്‍ ചെന്ന് പെടുമ്പോള്‍ ആത്മഹത്യ പ്രവണത കാണിച്ചെന്നുവരാം.
ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകുമ്പോള്‍ അനുഭവിക്കുന്ന തീവ്രമായ മനോവേദന താങ്ങാന്‍
പറ്റാതെ ശരീരം മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കുന്ന borderline പ്രകൃതക്കാരും ഈ ഗണത്തില്‍പെടും.
ഇങ്ങനെ പ്രകൃതത്തിന്‍റെ പ്രത്യേകതകള്‍ മൂലം ആത്മഹത്യാശ്രമം നടത്തുന്നവരുടെ
വ്യക്തിത്വത്തെ ശരിയായി മനസിലാക്കുകയും, അവരോടുള്ള പെരുമാറ്റത്തില്‍ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ജാഗ്രത
പാലിക്കുകയും ചെയ്യണം. ഉദ്ധാഹരണത്തിനു, വളരെ സെന്‍സിറ്റീവായ ഒരു കുട്ടിയെ മതിയായ കാരണമുണ്ടെങ്കില്‍പോലും
മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് വഴക്ക് പറഞ്ഞാല്‍ കുട്ടിയുടെ പ്രതികരണം അപകടകരമായ രീതിയില്‍
ആയി എന്ന് വരാം. ഇത്തരക്കാരെ പ്രത്യേകം മനസിലാക്കി, അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം
ചെയ്യണം എന്ന് മാനസികാരോഗ്യവിദഗ്ധനോട് മാതാപിതാക്കളും അധ്യാപകരും ചര്‍ച്ചചെയ്യണം.
6. 6. ആത്മഹത്യാസൂചനകള്‍ നല്കുന്നവരോടും, ഒരിക്കല്‍ ആത്മഹത്യാശ്രമം
നടത്തിയവരോടും ഉള്ള സമീപനം
‘ഞാന്‍ മരിച്ചുകളയും’ എന്നും ‘എനിക്ക് ജീവിക്കെണ്ട’ എന്നും കൂടെക്കൂടെ
പറയുന്നവരുടെ വാക്കുകള്‍ നിസാരമായി തള്ളിക്കളയരുത്. ‘കുരയ്ക്കുന്ന പട്ടി
കടിക്കില്ല’ എന്നാ പഴഞ്ചൊല്ല് ആത്മഹത്യയുടെ കാര്യത്തില്‍ ശരിയല്ല.നേരിട്ടോ
അല്ലാതെയോ നല്‍കുന്ന ആത്മഹത്യാസൂചനകള്‍ വളരെ ഗൌരവമായി എടുക്കണം. ആത്മഹത്യ ചെയ്ത പല
കുട്ടികളുടെയും ഡയറിക്കുറുപ്പുകളില്‍ അതിന്‍റെ സൂചനകള്‍ ഉണ്ടായിരുന്നതായി പിന്നീട്
കണ്ടെത്തിയിട്ടുണ്ട്.ഇത്തരം സൂചനകള്‍ നല്‍കുന്ന കുട്ടികള്‍ക്ക് സാധാരണ കൌണ്‍സെലിംന്ഗ്
മാത്രം നല്‍കിയാല്‍ പോരാ, മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തന്നെ നല്‍കണം.
ആത്മഹത്യാശ്രമം നടത്തി ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അക്കാര്യം മറച്ചുവെക്കരുത്.
നാണക്കേടും നിയമപ്രശ്നങ്ങളും ഒക്കെ ഭയന്ന് പലരും ഇക്കാര്യം തുറന്ന് പറയില്ല. ജീവന്‍രക്ഷക്കായുള്ള
ചികിത്സകള്‍ ചെയ്തശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ ധൃതി കൂട്ടാതെ, പ്രശ്നപരിഹാരത്തിനുള്ള
ഒരു അവസരമായി അതിനെ മാറ്റുക. ആത്മഹത്യശ്രമം ഉണ്ടായിട്ടുപോലും മാനസികാരോഗ്യവിദഗ്ധന്‍റെ
ലഭ്യമാകാതെ പോകുന്ന കേസുകളില്‍ ആവര്‍ത്തിച്ചുള്ള ആത്മഹത്യാശ്രമങ്ങള്‍
ഉണ്ടാകുന്നതായി പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.
കുട്ടികളുടെയും കൌമാരപ്രായക്കരുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള
സമഗ്രവും ശാസ്ത്രിയവുമായ ഒരു സമീപനം ഉണ്ടായെങ്കില്‍ മാത്രമേ ജീവിതത്തിന്‍റ ഏറ്റവും
സജീവമായ ഈ കാലഘട്ടത്തില്‍ സംഭവിക്കാവുന്ന ആത്മഹത്യ എന്ന ദുരന്തം ഒഴിവാക്കാന്‍
കഴിയൂ.
Abridged version of :
കൌമാരത്തിലെ ആത്മഹത്യകള്‍ പരിഹാരമാര്‍ഗങ്ങള്‍,
By. Dr. Varghese Punnoose, Prof. and Head of Psychiatry Department, Govt. Medical College, Alapuzha
Kudumbajyothis, February 2014
No comments:
Post a Comment