Monday, September 28, 2015

വേലിയില്ലാത്ത വസ്തുക്കള്‍




മകള്‍ വാശിയിലാണ്. മാതാവും മോശമല്ല.... “ചത്താലും ഞാന്‍ അവനെയോ കെട്ടൂ.” മകള്‍ നയം വ്യക്തമാക്കി. “ഞാന്‍ ചത്തിട്ടേ നിന്നെ അവന്‍ കെട്ടൂ.” മാതാവ് മറുതലിച്ചു. “എനിക്കവനെ മറക്കാനാകില്ല.” മകള്‍ ഉറപ്പിച്ചു. “മറക്കേണ്ടവനെയൊക്കെ മറന്നേ പറ്റു.” മാതാവ് തറപ്പിച്ചു. “മമ്മിക്ക് പപ്പായെ മറക്കാനാകുമോ?” മകളുടെ മുനവെച്ച ചോദ്യം. “മരിച്ചെങ്കിലും അങ്ങേരെന്‍റെ ഭര്‍ത്താവല്ലേ... എനിക്ക് മറക്കാനാവില്ല”. മാതാവിന്‍റെ മിഴിനനഞ്ഞ മറുപടി. “എങ്കില്‍ എനിക്ക് രാഹുലിനെയും മറക്കാനാവില്ല.” മകള്‍ മൊഴിഞ്ഞു. “അതിനു അവന്‍ നിന്നെ കെട്ടിയിട്ടില്ല, നിനക്ക് മക്കളുമില്ലല്ലോ?” മാതാവ് മുഷിഞ്ഞു. സംവാദം സംഘര്‍ഷമാകാതെ ഞാന്‍ ശ്രദ്ധിച്ചു കേട്ടിരുന്നു.

അന്യജാതിക്കാരനും ആന്ധ്രാസ്വദേശിയുമായ രാഹുലിനെ രശ്മി കണ്ടുമുട്ടിയത് B. D. S. പഠനത്തിനിടയിലാണ്. ‘വായില്‍ നോട്ടത്തിനു’ പഠിക്കുന്ന ഇരുവരും തമ്മിലുള്ള സഹകരണ ‘വായ് നോട്ടമായി’ അത് പരിണമിച്ചു. SMS –ഉം, സ്കൈപ്പും ഫേസ്ബുക്കും വാട്സ്ആപ്പും വൈബറുമെല്ലാം അകമ്പടി സേവിച്ചു. വീട്ടില്‍ വിവരമറിഞ്ഞപ്പോള്‍, മകളുടെ മനം മാറ്റാന്‍ മാതാവ്‌ മകളുമൊത്ത് എത്തിയതാണ്. ഒടുവില്‍ ഞാനൊരു ഉപാധി പറഞ്ഞു: “പയ്യനെ പെണ്ണുമാത്രമല്ലേ കണ്ടിട്ടുള്ളൂ. അമ്മയും അങ്കിളുമാരുമൊക്കെയായി പയ്യന്‍റെ ചുറ്റുവട്ടങ്ങള്‍ കണ്ടറിഞ്ഞിട്ടു കെട്ടുറപ്പിക്കാം”. പെണ്ണുകൂടി ചെറുക്കന്‍ വീട്ടില്‍ ഒന്നുപോയി കാണട്ടെ എന്ന് ഞാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ കേരളത്തിലെ പെണ്ണുകാണല്‍ ചരിത്രത്തില്‍ ആദ്യമായി കെട്ടിനുമുന്‍പൊരു കുട്ടി കെട്ടിയോനാകാനുള്ളവന്‍റെ വീട്ടില്‍ പോയി!!!

ആഴ്ച ഒന്ന് കഴിഞ്ഞു. വാടി വിവശയായ മോളും, വായ്നിറയെ ചിരിയുമായി അമ്മയുമെത്തി. പ്രണയവേളയില്‍ പയ്യന്‍ പറഞ്ഞതൊക്കെ പച്ചകള്ളമായിരുന്നത്രേ! പെരുത്ത ബിസിനസുകാരന്‍റെ മകനെന്നും, വമ്പിച്ച ഭൂസ്വത്തിന്‍റെ ഉടമയെന്നും വീമ്പിളക്കിയവന്‍ പെണ്‍കൂട്ടര്‍ എത്തുന്ന വിവരമറിഞ്ഞ് മുങ്ങിയത്രേ. ഒടുവില്‍ തപ്പിപ്പിടിച്ച് അവന്‍റെ കൊട്ടാരം കണ്ടുപിടിച്ചപ്പോള്‍ പെണ്ണ് എട്ടുനിലയില്‍ പൊട്ടിപ്പോയി!! പുറമ്പോക്കിലൊരു തകരക്കൂടാരം! പാന്‍പരാഗു വിറ്റുനടക്കുന്ന ‘ബിസിനസുകാരന്‍ അപ്പന്‍!’ ആറുമക്കളില്‍ ആദ്യജാതന്‍! സ്ഥലത്തെ കത്തോലിക്കാപള്ളിയിലെ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പണംമുടക്കി പഠിപ്പിക്കുന്ന അവന്‍റെ പകിട്ടും പത്രാസും പുറമ്പൂച്ചു മാത്രമായിരുന്നു!! “ഇവള്‍ നേരിട്ടെല്ലാം കണ്ടത് കുരുത്തമായി...ഇല്ലെങ്കില്‍ ഞങ്ങള്‍ കള്ളം പറഞ്ഞെന്നു കരുതിയേനെ....” അമ്മ ആശ്വാസനിശ്വാസമുതിര്‍ത്തു... നഷ്ടപ്രണയത്തില്‍ നിന്നും ഇഷ്ടം പോലെ പാഠമുള്‍ക്കൊണ്ട്, ഇനിയും കഷ്ട്ടപ്പെട്ടു പഠിക്കാനും, ഇഷ്ടപ്പെട്ട ഡിഗ്രി നേടാനും, അമ്മയ്ക്ക് കഷ്ട്ടപ്പാടുണ്ടാക്കാതെ ഇഷ്ടമകളായി തീരാനും തീരുമാനമെടുത്താ പെണ്‍കുട്ടി മടങ്ങി.

“വിവേകി ആപത്തു കണ്ടറിഞ്ഞു ഒഴിഞ്ഞുമാറുന്നു. അല്പബുദ്ധി അതിലേയ്ക്കു ചെന്ന് ശിക്ഷ അനുഭവിക്കുന്നു” (സുഭാ. 27:12).

കണ്ണൊന്നു കാണിച്ചാലുടനേ കരളുപറിച്ച് കൊടുക്കുന്ന വിവരമില്ലായ്മ ഇന്ന് പല വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. പ്രണയവിവശതയില്‍ വെളിവും വിവേകവും വിട്ടൊഴിഞ്ഞ് വേണ്ടാതനങ്ങളില്‍ വീണിട്ട് വിലപിച്ചു കഴിയുന്നവരുമുണ്ട്. മേനിയഴകിലും മോഹനവാഗ്ദാനങ്ങളിലും മയങ്ങിവീണു മാനംപോയവരുടെ കഥകള്‍ക്ക് മാധ്യമങ്ങളില്‍ പഞ്ഞമില്ല. എന്നിട്ടും വീണ്ടുവിചാരമില്ലാതെ മണ്ടത്തരം കാട്ടുന്നവര്‍ക്ക് മാനംകളഞ്ഞും മാറാത്തടിച്ചും നീറിക്കഴിയേണ്ടിവരും. വേലിയില്ലാത്ത വസ്തുവില്‍ ആരും വലിഞ്ഞുകയറുമെന്നോര്‍ക്കുക.


“നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും” (പ്രഭാ. 3:26)

Sunday, September 27, 2015

ബാലകരുടെ കാവല്‍മാലാഖ

തെരുവോരങ്ങളില്‍ വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്ന പെണ്‍കുഞ്ഞുങ്ങളെ അതില്‍ നിന്ന് രക്ഷപ്പെടുത്തുക എന്നത് ജീവിതവ്രതമായി സ്വീകരിച്ചിരിക്കുകയാണ് സിസ്റ്റര്‍ ക്ലാര.

സലേഷ്യന്‍ സിസ്റ്ററും ചെന്നൈയിലെ മരിയാലായ ചില്‍ഡ്രന്‍സ് ഹോമിന്‍റെ നടത്തിപ്പുകാരിയുമായ സിസ്റ്റര്‍ ക്ലാരയെ വിശേഷിപ്പിക്കാന്‍ ഇതിലപ്പുറം മറ്റൊന്നില്ല. കാരണം, അടിമവേലയ്ക്കും ഭിക്ഷാടനത്തിനും ലൈംഗികവൃത്തിക്കുമായി ദുരുപയോഗിക്കപ്പെട്ടുപോകാമായിരുന്ന എത്രയോ അനാഥബാല്യങ്ങളെയാണ് തന്‍റെ സ്നേഹത്തിന്‍റെ തണലിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി സിസ്റ്റര്‍ ക്ലാര സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.  

ദിനംതോറും ചെന്നൈയിലെ തെരുവോരങ്ങളിലൂടെ നടന്നു, ജീവിതത്തിന്‍റെ നേര്‍വഴികളില്‍നിന്ന് വ്യതിചലിക്കപ്പെട്ടുപോകാന്‍ സാധ്യതയുള്ള അനേകം പെണ്‍കുഞ്ഞുങ്ങളെ കൈപിടിച്ച് സിസ്റ്റര്‍ രക്ഷിച്ചുകൊണ്ടുവരുന്നു. ഇപ്രകാരം രണ്ടായിരത്തോളം പെണ്‍കുഞ്ഞുങ്ങളെ താന്‍ രക്ഷിച്ചിട്ടുള്ളതായാണ് സിസ്റ്ററിന്‍റെ ഏകദേശ കണക്ക്. 1990ല്‍ ആണ് സിസ്റ്റര്‍ ഈ ദൌത്യം ഏറ്റെടുത്തത്. ഇപ്രകാരം രക്ഷിച്ചുകൊണ്ട് വരുന്ന കുട്ടികള്‍ക്ക് വിദ്യഭ്യാസം, ആരോഗ്യസുരക്ഷ, ആത്മീയത, ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവ് ചിന്ത തുടങ്ങിയവയെല്ലാം മരിയാലയ കൈമാറുന്നുണ്ട്. സ്ഥലത്തെ പോലീസുമായി സഹകരിച്ച് ഹെല്‍പ് ലൈനും സിസ്റ്റര്‍ ക്രമീകരിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവര്‍മാരും വലിയ സഹായം ചെയ്യുന്നുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു.

ഭിക്ഷാടനം, മനുഷ്യകടത്ത്, ലൈഗികവൃത്തി തുടങ്ങിയ അപകടങ്ങളില്‍പ്പെട്ടിരിക്കുകയാണെന്ന് അറിയുന്ന ആര്‍ക്കും ഈ ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ടു സഹായം തേടാം; കുട്ടികളെ രക്ഷിച്ചെടുക്കാനും കഴിയും. ഈ പെണ്‍കുട്ടികള്‍ക്ക് സ്പിരിച്വല്‍ ഫോര്‍മേഷന്‍ നല്‍കാനും സിസ്റ്റര്‍ ക്ലാര ശ്രദ്ധിക്കുന്നുണ്ട്. ദൈവം സ്നേഹിക്കുന്നുവെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ അന്ന് വരെ സംഭവിച്ച എല്ലാ മുറിവുകളില്‍നിന്നും മോചനം പ്രാപിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്; സിസ്റ്റര്‍ പറയുന്നു.

Websites:

Reference:

Kudumbajyothis, March 2014

Friday, September 25, 2015

ബ്രസീലിലെ കുപ്രസിദ്ധമായ ചേരികളെ നേര്‍വഴിക്ക് നയിച്ച്‌ ‘തോമസ്‌ പാതിരി’



ചങ്ങനാശ്ശേരി അതിരൂപതക്കാരനായ ഫാ. തോമസ്‌ കിഴക്കേത്തയ്യില്‍ ബ്രസീലില്‍ എത്തിയിട്ട് ഇപ്പോള്‍ 29 വര്‍ഷമായി. ഇറ്റലിയിലെ ഉപരിപഠനത്തിനു ശേഷം 1986-ല്‍ ആണ് അദ്ദേഹം അവിടെ എത്തുന്നത്. റിയോയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ചേരികളുടെ മദ്ധ്യത്തില്‍ ഇരിക്കുന്ന പള്ളിയിലാണ് ഫാ. തോമസ്‌ സേവനം ചെയ്യാന്‍ നിയോഗിതനായത്. പോര്‍ച്ചുഗീസ് ഭാഷയില്‍ ഫവേല എന്നറിയപ്പെടുന്ന ഈ ചേരികള്‍ ലഹരി മരുന്ന് കച്ചവടം, കള്ളക്കടത്ത്, കൊലപാതകം എന്നിവയ്ക്ക് പേര് കേട്ടവയായിരുന്നു. പോലീസ് പോലും കടന്ന് ചെല്ലാന്‍ പേടിച്ചിരുന്ന ആ തെരുവുകളില്‍ ആണ് ഫാ. തോമസ്‌ തന്‍റെ അജപാലന സേവനം ആരംഭിച്ചത്.

ആദ്യകാലങ്ങളില്‍ വെടിയേറ്റ്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ പള്ളിയുടെ മുന്‍പില്‍ കൊണ്ടിടുമായിരുന്നു. ഒരു തവണ പള്ളിയുടെ മുറ്റത്ത്‌ വച്ച് ഒരു ചെറുപ്പക്കാരനെ മയക്കുമരുന്നു മാഫിയ വെടിവെച്ചു കൊന്നു. കള്ളകടത്ത് ഇടപാട് ഒറ്റുകൊടുത്തതിനു പ്രതികാരമായിട്ടായിരുന്നു ആ കൊലപാതകം. എന്നാല്‍ ഇപ്പോള്‍ അവിടെ കൊലപാതകങ്ങള്‍ ഇല്ലാതായി. കള്ളകടത്ത് ഉപേക്ഷിച്ച് ആളുകള്‍ ജോലിക്ക് പോയിത്തുടങ്ങി. അവരില്‍ പലരുടെയും മക്കള്‍ ഇപ്പോള്‍ അള്‍ത്താരബാലന്മാരാണ്.

തെരുവുകളില്‍ ഫുട്ബോള്‍ കളിച്ചിരുന്ന കുട്ടികളുമായാണ് അദ്ദേഹം ആദ്യം ചങ്ങാത്തം കൂടിയത്. അവരില്‍ നിന്ന് മറ്റുള്ളവരിലേക്കും ആ ചങ്ങാത്തം വളര്‍ന്നു. “ബ്രസീലുകാര്‍ക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല സുവിശേഷമാണ് ഫുട്ബാള്‍”, ഫാ. തോമസ്‌ പറയുന്നു.

ആയിരക്കണക്കിന് വരുന്ന ചേരിനിവാസികള്‍ക്ക് ‘തോമസ്‌ പാതിരി’ ഒരു രക്ഷകനാണ്‌. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അധപതിച്ചുകൊണ്ടിരുന്ന ആ തെരുവുകളില്‍ പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും നാളം തെളിച്ച ദൈവദൂതന്‍. സാധാരണക്കാര്‍ ഇന്നും കടന്ന് ചെല്ലാന്‍ പേടിക്കുന്ന ആ തെരുവുകളില്‍ നിര്‍ഭയനായി ഫാ. തോമസ്‌ സുവിശേഷം പ്രസംഗിക്കുന്നു.

Source: നഷ്ട്ടപ്പെട്ട ആടുകളുടെ ഇടയന്‍, സുനീഷ് തോമസ്‌ (പുസ്തകം 33, ലക്കം 4)

നിക്ക് : “No hands, No legs; No worries”



“No hands, No legs; No worries”
-Nick Vujicic

രണ്ടു കൈകളും രണ്ടു കാലുകളും ഇല്ലാത്ത ഈ ചെറുപ്പക്കാരന്‍ ഇത് വരെ സഞ്ചരിച്ചത് 44 രാജ്യങ്ങള്‍. സെല്‍ഫ് മോട്ടിവേഷനെ പറ്റിയും, ദൈവവിശ്വാസത്തെപറ്റിയും ഇത് വരെ അയാള്‍ സംവദിച്ചത് 5 ഭൂഖണ്ഡത്തില്‍ നിന്നുള്ള ഏകദേശം 30 ലക്ഷം മനുഷ്യരോട്.



പരസഹായം കൂടാതെ ഒന്ന് അനങ്ങുവാന്‍ പോലും പറ്റില്ലാത്ത അവസ്ഥയില്‍ നിന്ന്, മാതാപിതാക്കളുടെ പ്രോത്സാഹനവും, അയാളുടെ തന്നെ കഠിനപ്രയത്നവും ഉറച്ച ദൈവവിശ്വാസവും കൊണ്ട് നിക്ക് (Nick) മറികടന്നത് മനുഷ്യബുദ്ധിക്ക് അസാദ്ധ്യം എന്ന് തോന്നുന്ന കടമ്പകളാണ്. ലോകമെമ്പാടുമുള്ള എണ്ണമറ്റ മനുഷ്യരെ നിരാശയുടെ പടുകുഴിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നിട്ടുണ്ട് ഓസ്ട്രലിയക്കാരനായ ഈ ചെറുപ്പക്കാരന്‍.



പൊക്കകുറവിനെ പറ്റിയും, മുഖകുരുവിനെ പറ്റിയും, മുടികൊഴിച്ചിലിനെ പറ്റിയുമൊക്കെ പറഞ്ഞു വേവലാതിപ്പെടുന്ന മനുഷ്യര്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍ ഇതിലും നല്ലൊരു ഉദ്ധാഹരണമില്ല...


St. Mary’s Syro – Malabar Church, Champakulam : ചമ്പക്കുളം പള്ളി

ആലപ്പുഴ ജില്ലയിലെ ഏറ്റവും പുരാതനമായ പള്ളികളില്‍ ഒന്നാണ് പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ചമ്പകുളം കല്ലൂര്‍ക്കാട് പള്ളി. ആലപ്പുഴയുടെ വശ്യസൗന്ദര്യവും, നൂറ്റാണ്ടുകളുടെ കഥകള്‍ ഉറങ്ങുന്ന പള്ളിയും ഏതൊരാളുടെയും മനസ്സ് കവരുന്നതാണ്.


പള്ളി : . A. D. 427 ലാണ് ചമ്പക്കുളം പള്ളിയുടെ സ്ഥാപനം. ആദ്യകാലത്ത് തോമാശ്ലീഹ സ്ഥാപിച്ച നിരണം പള്ളിയുടെ കീഴില്‍ ആയിരുന്നു ചമ്പകുളം പള്ളി. പിന്നീട് കലൂര്‍ക്കാട്‌ പ്രശസ്തമായ ഒരു വ്യാപാര കേന്ദ്രമാവുകയും മറ്റു ദേശങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടേക്ക് വന്നു ചേരുകയും ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹം വളരുകയും ചെയ്തു. അതിന്‍റെ ഫലമായി ചമ്പക്കുളം പള്ളിയുടെ പ്രസക്തി വര്‍ദ്ധിച്ചു. ആലപുഴ ജില്ലയിലെ കത്തോലികാ ദേവാലയങ്ങളുടെയെല്ലാം മാതൃദേവലയമായാണ് ചമ്പക്കുളം പള്ളി കരുതപ്പെടുന്നത്.



കൊത്തുപണികള്‍ കൊണ്ട് അലങ്കരിക്കപെട്ട അള്‍ത്താര, മ്യുറല്‍ ചിത്രങ്ങളാല്‍ സമൃദ്ധമായ ചുമരുകള്‍, പോയകാലത്തിന്‍റെ ബാക്കിപത്രങ്ങളായ കല്‍ഫലകങ്ങള്‍ ഇവയൊക്കെയാണ് ചമ്പക്കുളം പള്ളിയിലെ കാഴ്ച്ചകള്‍. ചരിത്രത്തില്‍ താല്പര്യമുള്ള വിദേശികളും സ്വദേശികളുമായ ഒട്ടേറെ ആളുകള്‍ ഈ പള്ളി കാണുവാന്‍ വരാറുണ്ട്.



ചമ്പക്കുളം മൂലം വള്ളംകളി: ആറന്മുള വള്ളംകളി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പഴക്കമുള്ള വള്ളം കളികളില്‍ ഒന്നാണ് ചമ്പക്കുളം വള്ളംകളി. പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പള്ളിയുടെ മുന്‍പില്‍ കൂടിയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ കുതിച്ചു പായാറുള്ളത്. പ്രശസ്തമായ ചമ്പകുളം ചുണ്ടന്‍റെ നാടുകൂടിയാണിത്.



കടപ്പാട് (Photos and Information) : 
NSC Network: http://www.nasrani.net/

Champakulam Church FB Page: https://www.facebook.com/Kalloorkadu-ST-Marys-Forane-Church-Champakulam-419014424851104/timeline/

Champakulam Chundan FB Page: https://www.facebook.com/champakulamchundan?fref=ts

Thursday, September 24, 2015

കൌമാരത്തിലെ ആത്മഹത്യകള്‍ തടയാനുള്ള 6 മാര്‍ഗ്ഗങ്ങള്‍

കൌമാരക്കാരുടെ ഇടയിലുള്ള ആത്മഹത്യപൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ പറ്റുമോ? വളരെ സ്വാഭാവികമായൊരു ചോദ്യമാണ് ഇത്. ക്ഷിപ്രപ്രതികരണമായി ഉണ്ടാകുന്ന ആത്മഹത്യകള്‍ (Impulsive Suicide) എല്ലാംതന്നെ തടയാന്‍ കഴിഞ്ഞു എന്ന് വരില്ല.എങ്കിലും ഒരു വലിയ പങ്ക്ആത്മഹത്യകളും ഒഴിവാക്കാന്‍ കഴിയുന്നവയാണ്.



  1. വിഷാദരോഗം തിരിച്ചറിയുക, ചികിത്സിക്കുക

സ്ഥിരമായി താഴ്ന്നു നില്‍ക്കുന്ന മൂഡ്‌, ഒന്നിനോടും താല്പര്യം ഇല്ലാത്ത അവസ്ഥ, ഊര്‍ജസ്വലതയില്ലായ്മ, ഏകാഗ്രതയില്ലായ്മ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, വിവിധ തരത്തില്ലുള്ള ശാരീരികാസ്വസ്ഥതകള്‍, നിരാശ, ശുഭാപ്തിവിശ്വാസമില്ലായ്മ- ഇവയൊക്കെ വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആവാം.വിഷാദരോഗത്തിന് കാരണമായി ബാഹ്യമായ സമ്മര്‍ദ്ദങ്ങള്‍ ഒന്നും ഉണ്ടാവണമെന്നില്ല. മസ്തിഷ്കത്തിലെ വികാരനിയന്ത്രണ കേന്ദ്രങ്ങളില്‍ ഉണ്ടാകുന്ന തകരാറുകള്‍ മൂലം വിഷാദരോഗം (Depression) ഉണ്ടാകാം. വിഷാദരോഗത്തിന്‍റെ ഫലമായി പഠനത്തില്‍ പിന്നാക്കം പോകാന്‍ സാധ്യതയുണ്ട്. അമിതമായ ഈര്‍ഷ്യയും ദേഷ്യവും ഒക്കെയായി കൌമാരക്കാരില്‍ വിഷാദം പ്രത്യക്ഷപ്പെടാം.
ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് കുട്ടിയുടെ തോന്നലോ മനപ്പൂര്‍വമുള്ള പരിശ്രമക്കുറവോ ആയി തള്ളിക്കളയരുത്.

2.      2.  പഠനവൈകല്യങ്ങള്‍: തിരിച്ചറിയലും പരിഹരിക്കലും



കുട്ടികളിലും കൌമാരക്കാരിലും ഉണ്ടാകുന്ന ഒരു നല്ല പങ്ക് ആത്മഹത്യകള്‍ക്കും പഠനസംബന്ധമായ പ്രശ്നങ്ങള്‍ ആണ് കാരണം. Attention Deficit Hyper Activity Disorder (ADHD); Specific Learning Disorder Dyslexia- (SLD) എന്നിങ്ങനെയുള്ള തകരാറുകള്‍ തിരിച്ചറിയപ്പെടാതെ പോകാം. തിരിച്ചറിയപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യാതെ പോയാല്‍ ഇവ പഠന പരാജയത്തിലേക്ക് നയിക്കാം. ബുദ്ധിശക്തിയും കഴിവും ഉണ്ടായിട്ടും പഠനത്തില്‍ പിന്നാക്കം പോകുന്ന കുട്ടികള്‍ക്ക് ഇത്തരം തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ ഉള്ള കുട്ടികളെ തിരിച്ചറിയാനുള്ള പരിശീലനം അധ്യാപകര്‍ക്ക് നല്‍കേണ്ടതാണ്.

3.      3.  ഉത്ക്കണ്ഠ രോഗങ്ങള്‍: തിരിച്ചറിയലും പരിഹരിക്കലും

രോഗമില്ലാത്ത രോഗലക്ഷണങ്ങള്‍ (ഉദാ: വയറുവേദന, തലകറക്കം), അമിതഭയം, സ്ക്കൂളില്‍ പോകാന്‍ മടി, പരീക്ഷാഭയം, Obsessive Compulsive Disorder (OCD) എന്നിങ്ങനെയുള്ള ലക്ഷണങ്ങളുമായിട്ടാവാം ഉത്ക്കണ്ഠ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എത്ര പഠിച്ചാലും, എത്ര ആവൃത്തി റിവിഷന്‍ ചെയ്താലും തൃപ്തി വരാത്ത മാനസികാവസ്ഥയും, മണിക്കൂറുകളോളം കുളിച്ചാലും വൃത്തിയായി എന്നാ ബോധ്യം വരാത്ത അവസ്ഥയും ചികിത്സ ആവശ്യമുള്ള രോഗമാണ് എന്ന് പലപ്പോഴും മാതാപിതാക്കള്‍ മനസ്സിലാക്കി എന്ന് വരില്ല.

ഇവയൊക്കെ കുട്ടി വളരുമ്പോള്‍ തനിയെ മാറിക്കൊള്ളും എന്ന് കരുതാതെ, വേണ്ട ചികിത്സകള്‍ നേരത്തെ ചെയ്യണം. പെരുമാറ്റചികിത്സയും (Behavior Therapy), ഔഷധചികിത്സയും വളരെ ഫലപ്രദമാണ്.

4.      4.  സൈക്കോസിസുകള്‍ തിരിച്ചറിയുക, ചികിത്സിക്കുക

ഗൌരവമായ മാനസികരോഗങ്ങളുടെ (Psychosis or major mental disorders) തുടക്കം കൌമാരപ്രായത്തിലാകാം. അമിതമായ ഉള്‍വലിയല്‍ (Social Withdrawal), അസാധാരണമായ ചിന്തകളും സംശയങ്ങളും (Delurcious),  മതിഭ്രമങ്ങള്‍ (Hallucinations – അശരീരിശബ്ദം കേള്‍ക്കുക തുടങ്ങിയ) എന്നിവ സൈക്കോസിസിന്‍റെ ലക്ഷണങ്ങളാവാം. 

സ്കിസോഫ്രീനിയ പോലുള്ള ഗൌരവമായ മനോരോഗങ്ങള്‍ നൂറില്‍ ഒരാളെ ബാധിക്കുന്നു എന്നും, അവയുടെ തുടക്കം കൌമാരപ്രായത്തിലാണ് എന്നും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ഇത്തരം രോഗങ്ങള്‍ കണ്ടുപിടിക്കാനും ചികിത്സിക്കാനും വൈകുന്നത് ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം.

5.     5.   പ്രകൃത വ്യതിയാനങ്ങള്‍ മനസിലാക്കുക; ശ്രദ്ധിച്ചു കൈകാര്യം ചെയ്യുക

പെട്ടന്നു വികാരങ്ങള്‍ക്ക് വശംവദരാകുന്ന (Sensitive) പ്രകൃതമുള്ള കുട്ടികള്‍, ഉദ്ദേശിച്ച കാര്യങ്ങള്‍ അതേപടി നടക്കാതെ വരുമ്പോള്‍ പൊട്ടിത്തെറിക്കുകയും അമിതമായി പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ (low frustration tolerance), മറ്റുള്ളവര്‍ തന്നെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ല എന്ന് എപ്പോഴും വിചാരിക്കുന്ന  പ്രകൃതക്കാര്‍, പ്രതിസന്ധികള്‍ വരുമ്പോള്‍ പെട്ടന്ന്‍ തന്നെ പരാജയം സമ്മതിക്കുകയും ഒളിച്ചോടുകയും ചെയ്യും പ്രകൃതക്കാര്‍ എന്നിങ്ങനെ  ബുദ്ധിമുട്ടുള്ള പ്രകൃതമുള്ള കുട്ടികളും കൌമാരക്കാരും പ്രശ്നങ്ങളില്‍ ചെന്ന് പെടുമ്പോള്‍ ആത്മഹത്യ പ്രവണത കാണിച്ചെന്നുവരാം. 

ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകുമ്പോള്‍ അനുഭവിക്കുന്ന തീവ്രമായ മനോവേദന താങ്ങാന്‍ പറ്റാതെ ശരീരം മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കുന്ന borderline പ്രകൃതക്കാരും ഈ ഗണത്തില്‍പെടും.

ഇങ്ങനെ പ്രകൃതത്തിന്‍റെ പ്രത്യേകതകള്‍ മൂലം ആത്മഹത്യാശ്രമം നടത്തുന്നവരുടെ വ്യക്തിത്വത്തെ ശരിയായി മനസിലാക്കുകയും, അവരോടുള്ള പെരുമാറ്റത്തില്‍  മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ജാഗ്രത പാലിക്കുകയും ചെയ്യണം. ഉദ്ധാഹരണത്തിനു, വളരെ സെന്‍സിറ്റീവായ ഒരു കുട്ടിയെ മതിയായ കാരണമുണ്ടെങ്കില്‍പോലും മറ്റുള്ളവരുടെ മുന്‍പില്‍വെച്ച് വഴക്ക് പറഞ്ഞാല്‍ കുട്ടിയുടെ പ്രതികരണം അപകടകരമായ രീതിയില്‍ ആയി എന്ന് വരാം. ഇത്തരക്കാരെ പ്രത്യേകം മനസിലാക്കി, അവരുടെ പ്രശ്നങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മാനസികാരോഗ്യവിദഗ്ധനോട് മാതാപിതാക്കളും അധ്യാപകരും ചര്‍ച്ചചെയ്യണം.

6.   6.     ആത്മഹത്യാസൂചനകള്‍ നല്കുന്നവരോടും, ഒരിക്കല്‍ ആത്മഹത്യാശ്രമം നടത്തിയവരോടും ഉള്ള സമീപനം

‘ഞാന്‍ മരിച്ചുകളയും’ എന്നും ‘എനിക്ക് ജീവിക്കെണ്ട’ എന്നും കൂടെക്കൂടെ പറയുന്നവരുടെ വാക്കുകള്‍ നിസാരമായി തള്ളിക്കളയരുത്. ‘കുരയ്ക്കുന്ന പട്ടി കടിക്കില്ല’ എന്നാ പഴഞ്ചൊല്ല് ആത്മഹത്യയുടെ കാര്യത്തില്‍ ശരിയല്ല.നേരിട്ടോ അല്ലാതെയോ നല്‍കുന്ന ആത്മഹത്യാസൂചനകള്‍ വളരെ ഗൌരവമായി എടുക്കണം. ആത്മഹത്യ ചെയ്ത പല കുട്ടികളുടെയും ഡയറിക്കുറുപ്പുകളില്‍ അതിന്‍റെ സൂചനകള്‍ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തിയിട്ടുണ്ട്.ഇത്തരം സൂചനകള്‍ നല്‍കുന്ന കുട്ടികള്‍ക്ക് സാധാരണ കൌണ്‍സെലിംന്ഗ് മാത്രം നല്‍കിയാല്‍ പോരാ, മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തന്നെ നല്‍കണം.

ആത്മഹത്യാശ്രമം നടത്തി ആശുപത്രിയില്‍ ചെല്ലുമ്പോള്‍ അക്കാര്യം മറച്ചുവെക്കരുത്. നാണക്കേടും നിയമപ്രശ്നങ്ങളും ഒക്കെ ഭയന്ന് പലരും ഇക്കാര്യം തുറന്ന് പറയില്ല. ജീവന്‍രക്ഷക്കായുള്ള ചികിത്സകള്‍ ചെയ്തശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ ധൃതി കൂട്ടാതെ, പ്രശ്നപരിഹാരത്തിനുള്ള ഒരു അവസരമായി അതിനെ മാറ്റുക. ആത്മഹത്യശ്രമം ഉണ്ടായിട്ടുപോലും മാനസികാരോഗ്യവിദഗ്ധന്‍റെ ലഭ്യമാകാതെ പോകുന്ന കേസുകളില്‍ ആവര്‍ത്തിച്ചുള്ള ആത്മഹത്യാശ്രമങ്ങള്‍ ഉണ്ടാകുന്നതായി പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

കുട്ടികളുടെയും കൌമാരപ്രായക്കരുടെയും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള സമഗ്രവും ശാസ്ത്രിയവുമായ ഒരു സമീപനം ഉണ്ടായെങ്കില്‍ മാത്രമേ ജീവിതത്തിന്‍റ ഏറ്റവും സജീവമായ ഈ കാലഘട്ടത്തില്‍ സംഭവിക്കാവുന്ന ആത്മഹത്യ എന്ന ദുരന്തം ഒഴിവാക്കാന്‍ കഴിയൂ.

Abridged version of : 

കൌമാരത്തിലെ ആത്മഹത്യകള്‍ പരിഹാരമാര്‍ഗങ്ങള്‍, 
By. Dr. Varghese Punnoose, Prof. and Head of Psychiatry Department, Govt. Medical College, Alapuzha
Kudumbajyothis, February 2014





Tuesday, September 22, 2015

പ്രവാസജീവിതത്തിന്‍റെ കാണാപ്പുറങ്ങള്‍ : സൌദിയില്‍ ഇന്ത്യന്‍ ജോലിക്കാരനെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ പുറത്ത്

ഡല്‍ഹിയില്‍ ഉള്ള സൗദി അറേബ്യന്‍ നയതന്ത്രപ്രതിനിധിയുടെ വീട്ടില്‍ വെച്ച് നേപ്പാള്‍ സ്വദേശികളായ യുവതികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്ത‍യുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പ് തന്നെ പ്രവാസിതൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പച്ചയായി കാണിച്ച് തരുന്ന മറ്റൊരു വാര്‍ത്ത‍ കൂടി പുറത്ത് വന്നു.



കെട്ടിടനിര്‍മാണ തൊഴിലാളിയായ ഇന്ത്യക്കാരനെ എഞ്ചിനീയര്‍ ആയ അറബി ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. വീട്ടുജോലിക്കാരായും നിര്‍മ്മാണതൊഴിലാളികളായും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന പീഡനം പലപ്പോഴും നാട്ടില്‍ ഉള്ളവര്‍ അറിയാതെ പോകുന്നുണ്ട്.




ടൊറന്‍റ്റോ സണ്‍ ഡെയിലിയില്‍ കോളമിസ്റ്റ് ആയ താരക് ഫത്തേയാണ് ഫേസ്ബുക്കില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. 



Sunday, September 20, 2015

St. Mary’s Forane Church, Kuravilangad

കേരളത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ്, കോട്ടയം ജില്ലയിലെ കുറവിലങ്ങാട് St. Mary’s പള്ളി. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഒരു ദേവാലയം ആണിത്.


കുറവിലങ്ങാട് പള്ളിയിലെ മൂന്ന് നോമ്പ് പെരുനാളും, അതിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ‘കപ്പലോട്ടവും’ വളരെ പേരുകേട്ടതാണ്. ജോനാ പ്രവാചകന്‍റെ കപ്പല്‍ യാത്രയെ ഓര്‍മിപ്പികുന്നതാണ് ഈ കപ്പല്‍ പ്രദിക്ഷണം. മത്സ്യബന്ധനത്തിലൂടെ ഉപജീവനം കഴിച്ചിരുന്ന കടപ്പൂര്‍ നിവാസികളായ ഒരു കൂട്ടം പേര്‍ ഒരിക്കല്‍ ഭയങ്കരമായ കടല്‍ക്ഷോഭത്തില്‍ പെടുകയുണ്ടായി. കുറവിലങ്ങാട്‌ മാതാവിനോട് പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി അവര്‍ രക്ഷപെട്ടു. അതിന്‍റെ നന്ദിസൂചകമായി അവര്‍ നിര്‍മ്മിച്ച്‌ നല്‍കിയതാണ് കപ്പല്‍ മാതൃകയില്‍ ഉള്ള ഈ പേടകം. ഇന്നും, മൂന്ന് നോമ്പ് പെരുനാളിന്‍റെ രണ്ടാം ദിവസം ‘കപ്പല്‍ പ്രദിക്ഷണത്തില്‍’ കപ്പല്‍ വഹിക്കുന്നത് കടപ്പൂര്‍ കരക്കാരാണ്.



ഏഷ്യയിലെ ഏറ്റവും വലിയ പള്ളിമണികള്‍ ഇവിടെയാണുള്ളത്. 1911- ല്‍ ജെര്‍മനിയില്‍ നിന്നും കൊണ്ട് വന്നതാണ്‌ ഈ ഭീമന്‍ മണികള്‍. ഇതില്‍ ഏറ്റവും വലിയ മണിക്ക് 1660 കിലോ ഭാരമുണ്ട്. ഇത് കൂടാതെ ഏകദേശം നാല് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മറ്റൊരു മണികൂടി ഇവിടെയുണ്ട്. കുറവിലങ്ങാട് പള്ളിയിലെ മണിയുടെ ശബ്ദം മൈലുകള്‍ ദൂരെ കേള്‍ക്കാമായിരുന്നു എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇതുമായി ബന്ധപെട്ട് ഐതിഹ്യം ഉണ്ട്. രാമപുരം പള്ളിയുമായി ബന്ധപ്പെട്ടാണത്. പണ്ട് രാമപുരത്ത് പള്ളിയില്ലാതിരുന്ന കാലത്ത്, ആ കരയിലുള്ളവര്‍ പതിനഞ്ചു കിലോ മീറ്റര്‍ അകലെയുള്ള കുറവിലങ്ങാട് പള്ളിയില്‍ നടന്നു വന്നാണ് കുര്‍ബാന കൂടിയിരുന്നത്. ഒരിക്കല്‍ പൈക്കാട്ട് കുടുംബത്തില്‍ പെട്ട ഒരു വനിത കുര്‍ബാനയ്ക്ക് പോകുന്ന വഴി, പാതിവഴിയില്‍ വെച്ചു കുറവിലങ്ങാട്‌ പള്ളിയിലെ മണിയുടെ ശബ്ദം കേള്‍ക്കുകയും, കുര്‍ബാന തുടങ്ങിയെന്നു മനസിലാക്കുകയും ചെയ്തു. ഞായറാഴ്ച കുര്‍ബാന മുടങ്ങിയതില്‍ ദുഖിതായ അവര്‍, ഇനി രാമപുരത്തുകാര്‍ക്ക് സ്വന്തമായി ഒരു പള്ളി വേണം എന്ന് തീരുമാനിച്ചു. ആ തീരുമാനത്തിന്‍റെ ഫലമായി നാടുവാഴിയുടെ സഹായത്തോടെ നിര്‍മ്മിച്ചതാണ് പ്രശസ്തമായ രാമപുരം പള്ളി.



ഇത് കൂടാതെ റോമന്‍ - പോര്‍ട്ടുഗീസ്‌ ശൈലിയില്‍ പണിത അതിമനോഹരമായ അള്‍ത്താര, ഒറ്റകല്ലില്‍ പണിത 48 അടി ഉയരമുള്ള കല്‍ക്കുരിശ്, അത്ഭുത ഉറവ, അങ്ങനെ ഒരുപാട് കാണാനുണ്ട് ഇവിടെ.



കൂടുതല്‍ വിവരങ്ങള്‍ക്ക് : http://kuravilangadpally.com/
കടപ്പാട് (Photos) : Kuravilangad Church FB page

പ്രാര്‍ത്ഥനാലയങ്ങള്‍ എന്ന നിലക്ക് എല്ലാ ദേവാലയങ്ങളും ഒരു വിശ്വാസിക്ക് പോലെയാണ്. എന്നാല്‍ ചരിത്രപരമായ പ്രസക്തി കൊണ്ടോ, രൂപകല്പനയിലെ ഭംഗി കൊണ്ടോ, മറ്റു പ്രത്യേകതകള്‍ കൊണ്ടോ വേറിട്ട്‌ നില്‍ക്കുന്ന ഒട്ടനവധി പള്ളികള്‍ നമ്മുടെ കേരളത്തില്‍ ഉണ്ട്. അത്തരത്തില്‍ കേരളത്തിലെ പേരുകേട്ട പള്ളികളെ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിലൂടെ.