Sunday, October 11, 2015

വാഴ്ത്തണ്ട, വീഴ്ത്താതിരുന്നുകൂടെ


വല്ലാതങ്ങ് വായുവലിക്കുകയാണ് വല്യമ്മച്ചി! വായില്‍ വെള്ളം വീഴ്ത്തുന്ന ഏകമകള്‍ വിങ്ങിപ്പൊട്ടി. അയല്‍ക്കാരിയംമ്മച്ചി അമിട്ടുപൊട്ടുംപോലെ “ഈശോ, മറിയം...” ചൊല്ലിക്കൊടുക്കുന്നു. കണ്ണടഞ്ഞാലുടനെ കയ്യും കാലും കെട്ടാനും, വായും താടിയും മൂടിക്കെട്ടാനുമായി മുണ്ടും കീറിക്കൊണ്ടോരാള്‍ അടുത്തുണ്ട്. മുറിക്കുള്ളില്‍ ഒരു പെരുനാളിനുള്ളയാളുണ്ട്. ഉള്ള വായുകൂടികൊടുക്കാതെ ചുറ്റും നിന്ന് കാഴ്ച കാണുന്ന മഹാജനത്തെ മുറിക്കു പുറത്തിറക്കാന്‍ മുഷിഞ്ഞു സംസാരിക്കേണ്ടിവന്നു. മുറിക്കുള്ളില്‍ നിന്നും മുപ്പതോളം പേര്‍ മാറിയപ്പോഴേ, നെഞ്ചുംതള്ളി ആഞ്ഞുവലിച്ചിരുന്ന വല്യമ്മച്ചിയുടെ ‘വലി’യൊന്ന് അയഞ്ഞു . രോഗീലേപനം കഴിഞ്ഞതോടെ ആകെ ആശ്വാസം! പെട്ടിവാങ്ങാന്‍  പോകാന്‍ കച്ചകെട്ടിനിന്നവര്‍ക്കും, വട്ടചിലവിനു തുട്ടുകിട്ടാന്‍ കാത്തുനിന്നവര്‍ക്കും ആകെ നൈരാശ്യം! കുര്‍ബാനയപ്പത്തിന്‍റെ അല്പംമാത്രം ഉള്‍കൊണ്ട അമ്മച്ചിയെ ശാന്തയായി കിടക്കാന്‍ അനുവദിച്ചിട്ട്‌ ഞാന്‍ പുറത്തേക്കിറങ്ങി. “ഉടനെയെങ്ങും കാണില്ല, അല്ലേ അച്ചാ?”... കരപ്രമാണിയുടെ ചോദ്യത്തിനു ഞാനൊന്നും മിണ്ടിയില്ല. കൂടെനിന്നവര്‍ വീടുവിട്ടു.

 ഒരു കപ്പു കാപ്പിയുമായി എത്തിയ മകള്‍ എന്നോട് കുശുകുശുത്തു: “കണ്ടില്ലേ അച്ചാ, എന്‍റെ അമ്മയെ നോക്കുന്ന രീതി. വീറും വൃത്തിയുമില്ല. മരുന്നൊക്കെ കൃത്യം കൊടുത്തിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഭക്ഷണം തന്നെ കൊടുക്കുന്നുണ്ടോ എന്ന് ആര്‍ക്കറിയാം. എല്ലാ ദിവസവും അമ്മയെ ഒന്ന് തുടച്ചാലെന്താ. മൂത്രത്തിന്‍റെ മണം മുറിക്കുള്ളിലാകെയുണ്ട്. അവള്‍ക്ക് മലവും മൂത്രവുമെടുക്കാന്‍ മടികാണും. എന്നാല്‍ സ്വന്തം മോനെങ്കിലും നോക്കിക്കൂടെ... മരണവെപ്രാളം കാട്ടിയിട്ടും അവള്‍ക്കൊരു കൂസലുണ്ടോ? അച്ചനൊന്നു ഉപദേശിക്കണം.” കുറ്റാരോപണങ്ങള്‍ക്ക് ഒടുവില്‍ ഞാന്‍ അങ്ങോട്ട്  ചോദിച്ചു: “നീ ഏക മകളല്ലേ. വീട് അടുത്ത പട്ടണത്തിലല്ലേ? എത്രനേരം വന്നു നീ നിന്‍റെ അമ്മയെ നോക്കി? അസുഖം കൂടുതലാണെന്ന് അറിഞ്ഞു വന്നതല്ലെ. മാസമൊന്നെങ്കിലുമായില്ലേ തള്ളയെ കണ്ടിട്ട്? നീ എത്ര തവണ ഇവരെ കുളിപ്പിച്ചു? മലമൂത്രമെടുത്തോ ? മൂന്നുവര്‍ഷത്തോളം കിടന്നകിടപ്പിലായ ഈ തള്ളയെ ഇത്രയൊക്കെ നോക്കിയതിനു വീട്ടിലുള്ള മരുമകളെ സ്തുതിക്കണം. നീയായിരുന്നെങ്കില്‍ മൂന്നുദിവസം നില്ക്കുമായിരുന്നോ ?” ഉത്തരംമുട്ടി അവള്‍ വട്ടംകറങ്ങി നിന്നു. “അന്യവീട്ടില്‍ നിന്നും വന്ന ഇവളെ കുറ്റപ്പെടുത്താന്‍, അടുത്തുകിടന്നിട്ടും വന്ന് അമ്മയെ നോക്കാത്ത നിനക്ക് അവകാശമില്ല. മാത്രമല്ല, നീയിങ്ങനെ കുറ്റംപറഞ്ഞാല്‍ ഉള്ള നന്മയുംകൂടി നാത്തൂനില്‍നിന്നും ചോര്‍ന്നുപോകും. അതിന്‍റെ കുറവ് അമ്മയ്ക്ക് ലഭിക്കുന്ന ശുശ്രൂഷകളെയാണ് ഇനിയും ബാധിക്കുക. കഷ്ട്ടപ്പെട്ടു അമ്മയെ നോക്കിയതിനു കൂലികൊടുത്തില്ലെങ്കിലും കുറ്റംപറയരുത്.” കാപ്പിയുടെ കപ്പുമെടുത്ത് അവള്‍ ശരവേഗത്തില്‍ സ്ഥലംവിട്ടു.

“വടക്കന്‍കാറ്റ് മഴകൊണ്ടുവരും; ഏഷണി പറയുന്ന നാവ് രോഷം കൊണ്ടുവരും” (സുഭാ. 25: 23).


വാര്‍ധ്യക്യങ്ങള്‍ക്കു നല്കുന്ന ശുശ്രൂഷയ്ക്ക് വിലയേറെയുണ്ട്. ആസന്നമരണരുടെ അനുഗ്രഹങ്ങള്‍ അടുത്ത തലമുറയിലേക്കും പടരും. അവരെ ശുശ്രൂഷിക്കുന്നവരെ ആദരിക്കുകയും അനുമോദിക്കുകയും അംഗീകരിക്കുകയും വേണം. ആക്ഷേപവും അവഹേളനവും അവരില്‍ മടുപ്പുണ്ടാക്കും. ചെയ്യുന്ന നന്മപോലും ചെയ്യാതിരിക്കത്തക്കവണ്ണം അത് അവരില്‍ നിഷ്ക്രിയത്വം സൃഷ്ടിക്കും. അമ്മയെയും അപ്പനെയും നോക്കുന്നില്ലെന്നുള്ള പരാതി പരസ്യമായി പ്രകടിപ്പിക്കുന്ന മക്കള്‍, അവര്‍ക്ക് മരുമക്കളില്‍നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന ‘ഉള്ള പരിഗണന’ പോലും നഷ്ടപ്പെടുത്തും. പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്തരുത്. വാഴ്ത്തിയില്ലെങ്കിലും വീഴ്ത്താന്‍ നോക്കരുത്.


“വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്ക്ക് വാതിലും പൂട്ടും നിര്‍മ്മിക്കുക” (പ്രഭാ. 28: 25).

Sunday, October 4, 2015

ഇറ്റലി ചുറ്റിച്ചവന്‍ - പുറംവാതില്‍




നേട്ടക്കണക്കുകള്‍ കൂട്ടിക്കൂട്ടി ഒടുവില്‍ അവനാ കെട്ടങ്ങുറപ്പിച്ചു. ഓട്ടക്കാശിനുപോലും വകയില്ലാതെ തട്ടിമുട്ടി പോകവെയാണ് രണ്ടാംകെട്ടുകാരിയുടെ വിവാഹപ്പരസ്യം കണ്ടത്. “തന്‍റെതല്ലാത്ത കാരണത്താല്‍” ആദ്യകെട്ടു പൊട്ടിപ്പോയ രേഖ എന്ന ഹതഭാഗ്യ!! അവള്‍ക്കൊരു ജീവിതം കൊടുത്തേക്കാമെന്ന് രാജേഷ്‌ തീരുമാനിച്ചു. വെറുതെയല്ല!! ഇറ്റലിയില്‍ ജോലിയുള്ള പെണ്ണ്! എഴുപതടുത്ത മാതാപിതാക്കളുടെ ഏകമകള്‍! കെട്ടോടെ ഇറ്റലിക്ക് വിട്ടേക്കാം എന്നുറപ്പ്! പത്തുവയസ്സോളം പ്രായക്കൂടുതല്‍ പെണ്ണിനുണ്ടെങ്കിലെന്താ, പൂത്ത പണമല്ലേ ഉള്ളത്? രേഖയുടെ വീടുംപറമ്പും മാതാപിതാക്കളുടെ കാലശേഷം തന്‍റെ കൈയ്യില്‍ വന്നുചേരുമെന്നും രാജേഷ്‌ കണക്കുകൂട്ടി. ആദ്യവിവാഹം അസാധുവാക്കാനുള്ള അവസരവും നോക്കിയിരുന്നാല്‍ നെരംപോകും! ആരെങ്കിലും തട്ടിയെടുത്താലോ ? ആഘോഷമായി പള്ളിയില്‍ വെച്ച് കെട്ടുനടത്തണമെങ്കില്‍ കേസും കോടതിയുമായി വര്‍ഷങ്ങളെടുക്കും. കിട്ടിയ ഭാഗ്യദേവത വിട്ടുപോയാലോ? അധികമാരുമറിയാതെയും ആര്‍ഭാടരഹിതമായും ഒതുക്കത്തിലങ്ങു കാര്യം നടത്താന്‍ ഇരുവരും തീരുമാനിച്ചു. സര്‍ക്കാരാഫീസിനെ മണ്ഡപമാക്കി, രജിസ്ട്രാറെ കാര്‍മ്മികനാക്കി ലളിതസുന്ദരമായി വിവാഹം പരികര്‍മ്മം ചെയ്തു. 

ആദ്യ ആഴ്ച ആഘോഷപൂര്‍വ്വം അടിച്ചുപൊളിച്ചു. രാജേഷിന്‍റെ മാതാപിതാക്കള്‍ക്കും ഏക അനിയനും പുതിയ ‘ചേച്ചിയെ’ ഇഷ്ടവുമായി. പക്ഷേ കാര്യം കഷ്ടത്തിലാകാന്‍ അധിക നേരം വേണ്ടല്ലോ? തൊട്ടതിനെല്ലാം ഭാര്യയോട് ‘തുട്ടു’ ചോദിക്കുന്ന ഭര്‍ത്താവിനോട് ഭാര്യക്ക്‌ ഇഷ്ടക്കേടായി. ഹോട്ടലില്‍ കൊടുത്ത ‘ടിപ്പി’നു പോലും കണക്കുപറയുന്നവളോട് രാജേഷിനും നീരസമായി. പൊട്ടിത്തെറിക്കാതെ ഒട്ടിനിന്നു കഴിയുന്നത്ര വെട്ടിപ്പിടിക്കാനായി രാജേഷ്‌ കഷ്ടപ്പെട്ടു. 

ഇതിനിടയിലാണ് ‘തന്‍റെതല്ലാത്ത കാരണത്താല്‍’ വിവാഹമോചനം നേടിയ രേഖയുടെ ‘നേര്‍രേഖ വിട്ട’ പോക്കുകള്‍ ശ്രദ്ധയില്‍പെട്ടു രാജേഷ്‌ ഞെട്ടിയത്! മണിക്കൂറുകള്‍ നീളുന്ന ഫോണ്‍വിളികള്‍! മെനക്കെട്ടിരുന്നുള്ള നെറ്റിലെ ചാറ്റുകള്‍!! നെഞ്ചില്‍ കൊള്ളുന്ന കൊഞ്ചല്‍ മൊഴികള്‍! ഒടുവിലവനാവഞ്ചന തിരിച്ചറിഞ്ഞു. എങ്കിലും ഇറ്റലിസ്വപ്നവുമായി, തെറ്റെല്ലാം പൊറുത്ത്, നീറ്റലുമകറ്റി അവന്‍ തോറ്റുകൊടുത്തു. വര്‍ഷം രണ്ടു കഴിഞ്ഞു! ഇറ്റലിക്കു പകരം അവള്‍ തന്നെ ‘ഒറ്റാലില്‍’പ്പെടുത്തിയെന്ന് രാജേഷ്‌ മനസ്സിലാക്കി . നാട്ടുകാരെ ബോധിപ്പിക്കാനൊരു പേരിനു മാത്രമുള്ള ഭര്‍ത്താവിനെയേ രേഖയ്ക്കാവശ്യമുള്ളു. ബാക്കിയെല്ലാ കാര്യങ്ങള്‍ക്കു ഇറ്റലിയില്‍ ചുറ്റുന്ന അവള്‍ക്ക് മറ്റു ആണുങ്ങളേറെയുണ്ട്. ഇതിനിടെയില്‍ ആദ്യഭര്‍ത്താവു നല്കിയ അനുഭവസാക്ഷ്യങ്ങള്‍കൂടി കേട്ടതോടെ തളര്‍ന്നുപോയ അവനെ തണുപ്പിച്ചെടുക്കാന്‍  മണിക്കൂറുകള്‍ എടുത്തു. “ധനത്തിനു വേണ്ടി സ്ത്രീയെ മോഹിക്കരുത്. ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചു കഴിയുന്നവന് കോപവും നിന്ദയും അപകീര്‍ത്തിയും ഫലം!” 
(പ്രഭാ. 25: 32).

കൂട്ടിക്കിഴിച്ച് നേട്ടം കൊയ്യാനായി ശരിയായ നോട്ടംപോലുമില്ലാതെ കെട്ടുന്ന ഒട്ടു മിക്ക വിവാഹങ്ങളും പൊട്ടിപ്പോകും. വിദേശജോലിക്കാരെ കെട്ടി സ്വദേശം വിട്ട പലരുമിന്ന് സ്വഭവനങ്ങളില്‍  പോലും പരദേശികളായി പാര്‍ക്കേണ്ടിവരുന്നു. ശമ്പളക്കൂടുതലുള്ള ഭാര്യമാരുടെ വീമ്പിളക്കലുകള്‍ക്കു മുന്‍പില്‍ കൊമ്പുകുത്തി കുമ്പിട്ടിരിക്കുന്ന വമ്പന്മാരുണ്ട്. നൊമ്പരം മാറ്റാന്‍ കമ്പനികൂടി കുടിച്ചു കൂമ്പുവാടി അമ്പേ ഒടുങ്ങിയവരുമുണ്ട്. വിവാഹത്തിന്‍റെ സ്വഭാവമായ ഏകതയും അവിഭാജ്യതയും പാലിക്കപ്പെടാനും, ലക്ഷ്യമായ ജീവദായകസ്നേഹം പൂര്‍ത്തിയാക്കാനും ശരിയായ അന്വേഷണങ്ങളും നേരായ നിലപാടുകളും കൂടിയേ തീരൂ..

“സൗകുമാര്യം വഞ്ചനനിറഞ്ഞതും, സൗന്ദര്യം വ്യര്‍ത്ഥവുമത്രേ. എന്നാല്‍ ദൈവഭക്തിയുള്ള സ്ത്രീ പ്രശംസയര്‍ഹിക്കുന്നു”

(സുഭാ. 31:30)

Monday, September 28, 2015

വേലിയില്ലാത്ത വസ്തുക്കള്‍




മകള്‍ വാശിയിലാണ്. മാതാവും മോശമല്ല.... “ചത്താലും ഞാന്‍ അവനെയോ കെട്ടൂ.” മകള്‍ നയം വ്യക്തമാക്കി. “ഞാന്‍ ചത്തിട്ടേ നിന്നെ അവന്‍ കെട്ടൂ.” മാതാവ് മറുതലിച്ചു. “എനിക്കവനെ മറക്കാനാകില്ല.” മകള്‍ ഉറപ്പിച്ചു. “മറക്കേണ്ടവനെയൊക്കെ മറന്നേ പറ്റു.” മാതാവ് തറപ്പിച്ചു. “മമ്മിക്ക് പപ്പായെ മറക്കാനാകുമോ?” മകളുടെ മുനവെച്ച ചോദ്യം. “മരിച്ചെങ്കിലും അങ്ങേരെന്‍റെ ഭര്‍ത്താവല്ലേ... എനിക്ക് മറക്കാനാവില്ല”. മാതാവിന്‍റെ മിഴിനനഞ്ഞ മറുപടി. “എങ്കില്‍ എനിക്ക് രാഹുലിനെയും മറക്കാനാവില്ല.” മകള്‍ മൊഴിഞ്ഞു. “അതിനു അവന്‍ നിന്നെ കെട്ടിയിട്ടില്ല, നിനക്ക് മക്കളുമില്ലല്ലോ?” മാതാവ് മുഷിഞ്ഞു. സംവാദം സംഘര്‍ഷമാകാതെ ഞാന്‍ ശ്രദ്ധിച്ചു കേട്ടിരുന്നു.

അന്യജാതിക്കാരനും ആന്ധ്രാസ്വദേശിയുമായ രാഹുലിനെ രശ്മി കണ്ടുമുട്ടിയത് B. D. S. പഠനത്തിനിടയിലാണ്. ‘വായില്‍ നോട്ടത്തിനു’ പഠിക്കുന്ന ഇരുവരും തമ്മിലുള്ള സഹകരണ ‘വായ് നോട്ടമായി’ അത് പരിണമിച്ചു. SMS –ഉം, സ്കൈപ്പും ഫേസ്ബുക്കും വാട്സ്ആപ്പും വൈബറുമെല്ലാം അകമ്പടി സേവിച്ചു. വീട്ടില്‍ വിവരമറിഞ്ഞപ്പോള്‍, മകളുടെ മനം മാറ്റാന്‍ മാതാവ്‌ മകളുമൊത്ത് എത്തിയതാണ്. ഒടുവില്‍ ഞാനൊരു ഉപാധി പറഞ്ഞു: “പയ്യനെ പെണ്ണുമാത്രമല്ലേ കണ്ടിട്ടുള്ളൂ. അമ്മയും അങ്കിളുമാരുമൊക്കെയായി പയ്യന്‍റെ ചുറ്റുവട്ടങ്ങള്‍ കണ്ടറിഞ്ഞിട്ടു കെട്ടുറപ്പിക്കാം”. പെണ്ണുകൂടി ചെറുക്കന്‍ വീട്ടില്‍ ഒന്നുപോയി കാണട്ടെ എന്ന് ഞാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ കേരളത്തിലെ പെണ്ണുകാണല്‍ ചരിത്രത്തില്‍ ആദ്യമായി കെട്ടിനുമുന്‍പൊരു കുട്ടി കെട്ടിയോനാകാനുള്ളവന്‍റെ വീട്ടില്‍ പോയി!!!

ആഴ്ച ഒന്ന് കഴിഞ്ഞു. വാടി വിവശയായ മോളും, വായ്നിറയെ ചിരിയുമായി അമ്മയുമെത്തി. പ്രണയവേളയില്‍ പയ്യന്‍ പറഞ്ഞതൊക്കെ പച്ചകള്ളമായിരുന്നത്രേ! പെരുത്ത ബിസിനസുകാരന്‍റെ മകനെന്നും, വമ്പിച്ച ഭൂസ്വത്തിന്‍റെ ഉടമയെന്നും വീമ്പിളക്കിയവന്‍ പെണ്‍കൂട്ടര്‍ എത്തുന്ന വിവരമറിഞ്ഞ് മുങ്ങിയത്രേ. ഒടുവില്‍ തപ്പിപ്പിടിച്ച് അവന്‍റെ കൊട്ടാരം കണ്ടുപിടിച്ചപ്പോള്‍ പെണ്ണ് എട്ടുനിലയില്‍ പൊട്ടിപ്പോയി!! പുറമ്പോക്കിലൊരു തകരക്കൂടാരം! പാന്‍പരാഗു വിറ്റുനടക്കുന്ന ‘ബിസിനസുകാരന്‍ അപ്പന്‍!’ ആറുമക്കളില്‍ ആദ്യജാതന്‍! സ്ഥലത്തെ കത്തോലിക്കാപള്ളിയിലെ ചാരിറ്റബിള്‍ ട്രസ്റ്റ്‌ പണംമുടക്കി പഠിപ്പിക്കുന്ന അവന്‍റെ പകിട്ടും പത്രാസും പുറമ്പൂച്ചു മാത്രമായിരുന്നു!! “ഇവള്‍ നേരിട്ടെല്ലാം കണ്ടത് കുരുത്തമായി...ഇല്ലെങ്കില്‍ ഞങ്ങള്‍ കള്ളം പറഞ്ഞെന്നു കരുതിയേനെ....” അമ്മ ആശ്വാസനിശ്വാസമുതിര്‍ത്തു... നഷ്ടപ്രണയത്തില്‍ നിന്നും ഇഷ്ടം പോലെ പാഠമുള്‍ക്കൊണ്ട്, ഇനിയും കഷ്ട്ടപ്പെട്ടു പഠിക്കാനും, ഇഷ്ടപ്പെട്ട ഡിഗ്രി നേടാനും, അമ്മയ്ക്ക് കഷ്ട്ടപ്പാടുണ്ടാക്കാതെ ഇഷ്ടമകളായി തീരാനും തീരുമാനമെടുത്താ പെണ്‍കുട്ടി മടങ്ങി.

“വിവേകി ആപത്തു കണ്ടറിഞ്ഞു ഒഴിഞ്ഞുമാറുന്നു. അല്പബുദ്ധി അതിലേയ്ക്കു ചെന്ന് ശിക്ഷ അനുഭവിക്കുന്നു” (സുഭാ. 27:12).

കണ്ണൊന്നു കാണിച്ചാലുടനേ കരളുപറിച്ച് കൊടുക്കുന്ന വിവരമില്ലായ്മ ഇന്ന് പല വിദ്യാര്‍ത്ഥികള്‍ക്കുമുണ്ട്. പ്രണയവിവശതയില്‍ വെളിവും വിവേകവും വിട്ടൊഴിഞ്ഞ് വേണ്ടാതനങ്ങളില്‍ വീണിട്ട് വിലപിച്ചു കഴിയുന്നവരുമുണ്ട്. മേനിയഴകിലും മോഹനവാഗ്ദാനങ്ങളിലും മയങ്ങിവീണു മാനംപോയവരുടെ കഥകള്‍ക്ക് മാധ്യമങ്ങളില്‍ പഞ്ഞമില്ല. എന്നിട്ടും വീണ്ടുവിചാരമില്ലാതെ മണ്ടത്തരം കാട്ടുന്നവര്‍ക്ക് മാനംകളഞ്ഞും മാറാത്തടിച്ചും നീറിക്കഴിയേണ്ടിവരും. വേലിയില്ലാത്ത വസ്തുവില്‍ ആരും വലിഞ്ഞുകയറുമെന്നോര്‍ക്കുക.


“നിര്‍ബന്ധബുദ്ധി നാശത്തിലൊടുങ്ങും” (പ്രഭാ. 3:26)

Sunday, September 27, 2015

ബാലകരുടെ കാവല്‍മാലാഖ

തെരുവോരങ്ങളില്‍ വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകേണ്ടിവരുന്ന പെണ്‍കുഞ്ഞുങ്ങളെ അതില്‍ നിന്ന് രക്ഷപ്പെടുത്തുക എന്നത് ജീവിതവ്രതമായി സ്വീകരിച്ചിരിക്കുകയാണ് സിസ്റ്റര്‍ ക്ലാര.

സലേഷ്യന്‍ സിസ്റ്ററും ചെന്നൈയിലെ മരിയാലായ ചില്‍ഡ്രന്‍സ് ഹോമിന്‍റെ നടത്തിപ്പുകാരിയുമായ സിസ്റ്റര്‍ ക്ലാരയെ വിശേഷിപ്പിക്കാന്‍ ഇതിലപ്പുറം മറ്റൊന്നില്ല. കാരണം, അടിമവേലയ്ക്കും ഭിക്ഷാടനത്തിനും ലൈംഗികവൃത്തിക്കുമായി ദുരുപയോഗിക്കപ്പെട്ടുപോകാമായിരുന്ന എത്രയോ അനാഥബാല്യങ്ങളെയാണ് തന്‍റെ സ്നേഹത്തിന്‍റെ തണലിലേക്ക്‌ ചേര്‍ത്ത് നിര്‍ത്തി സിസ്റ്റര്‍ ക്ലാര സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.  

ദിനംതോറും ചെന്നൈയിലെ തെരുവോരങ്ങളിലൂടെ നടന്നു, ജീവിതത്തിന്‍റെ നേര്‍വഴികളില്‍നിന്ന് വ്യതിചലിക്കപ്പെട്ടുപോകാന്‍ സാധ്യതയുള്ള അനേകം പെണ്‍കുഞ്ഞുങ്ങളെ കൈപിടിച്ച് സിസ്റ്റര്‍ രക്ഷിച്ചുകൊണ്ടുവരുന്നു. ഇപ്രകാരം രണ്ടായിരത്തോളം പെണ്‍കുഞ്ഞുങ്ങളെ താന്‍ രക്ഷിച്ചിട്ടുള്ളതായാണ് സിസ്റ്ററിന്‍റെ ഏകദേശ കണക്ക്. 1990ല്‍ ആണ് സിസ്റ്റര്‍ ഈ ദൌത്യം ഏറ്റെടുത്തത്. ഇപ്രകാരം രക്ഷിച്ചുകൊണ്ട് വരുന്ന കുട്ടികള്‍ക്ക് വിദ്യഭ്യാസം, ആരോഗ്യസുരക്ഷ, ആത്മീയത, ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവ് ചിന്ത തുടങ്ങിയവയെല്ലാം മരിയാലയ കൈമാറുന്നുണ്ട്. സ്ഥലത്തെ പോലീസുമായി സഹകരിച്ച് ഹെല്‍പ് ലൈനും സിസ്റ്റര്‍ ക്രമീകരിച്ചിട്ടുണ്ട്. ടാക്സി ഡ്രൈവര്‍മാരും വലിയ സഹായം ചെയ്യുന്നുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു.

ഭിക്ഷാടനം, മനുഷ്യകടത്ത്, ലൈഗികവൃത്തി തുടങ്ങിയ അപകടങ്ങളില്‍പ്പെട്ടിരിക്കുകയാണെന്ന് അറിയുന്ന ആര്‍ക്കും ഈ ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ടു സഹായം തേടാം; കുട്ടികളെ രക്ഷിച്ചെടുക്കാനും കഴിയും. ഈ പെണ്‍കുട്ടികള്‍ക്ക് സ്പിരിച്വല്‍ ഫോര്‍മേഷന്‍ നല്‍കാനും സിസ്റ്റര്‍ ക്ലാര ശ്രദ്ധിക്കുന്നുണ്ട്. ദൈവം സ്നേഹിക്കുന്നുവെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ അന്ന് വരെ സംഭവിച്ച എല്ലാ മുറിവുകളില്‍നിന്നും മോചനം പ്രാപിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്; സിസ്റ്റര്‍ പറയുന്നു.

Websites:

Reference:

Kudumbajyothis, March 2014

Friday, September 25, 2015

ബ്രസീലിലെ കുപ്രസിദ്ധമായ ചേരികളെ നേര്‍വഴിക്ക് നയിച്ച്‌ ‘തോമസ്‌ പാതിരി’



ചങ്ങനാശ്ശേരി അതിരൂപതക്കാരനായ ഫാ. തോമസ്‌ കിഴക്കേത്തയ്യില്‍ ബ്രസീലില്‍ എത്തിയിട്ട് ഇപ്പോള്‍ 29 വര്‍ഷമായി. ഇറ്റലിയിലെ ഉപരിപഠനത്തിനു ശേഷം 1986-ല്‍ ആണ് അദ്ദേഹം അവിടെ എത്തുന്നത്. റിയോയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ചേരികളുടെ മദ്ധ്യത്തില്‍ ഇരിക്കുന്ന പള്ളിയിലാണ് ഫാ. തോമസ്‌ സേവനം ചെയ്യാന്‍ നിയോഗിതനായത്. പോര്‍ച്ചുഗീസ് ഭാഷയില്‍ ഫവേല എന്നറിയപ്പെടുന്ന ഈ ചേരികള്‍ ലഹരി മരുന്ന് കച്ചവടം, കള്ളക്കടത്ത്, കൊലപാതകം എന്നിവയ്ക്ക് പേര് കേട്ടവയായിരുന്നു. പോലീസ് പോലും കടന്ന് ചെല്ലാന്‍ പേടിച്ചിരുന്ന ആ തെരുവുകളില്‍ ആണ് ഫാ. തോമസ്‌ തന്‍റെ അജപാലന സേവനം ആരംഭിച്ചത്.

ആദ്യകാലങ്ങളില്‍ വെടിയേറ്റ്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ രാവിലെ പള്ളിയുടെ മുന്‍പില്‍ കൊണ്ടിടുമായിരുന്നു. ഒരു തവണ പള്ളിയുടെ മുറ്റത്ത്‌ വച്ച് ഒരു ചെറുപ്പക്കാരനെ മയക്കുമരുന്നു മാഫിയ വെടിവെച്ചു കൊന്നു. കള്ളകടത്ത് ഇടപാട് ഒറ്റുകൊടുത്തതിനു പ്രതികാരമായിട്ടായിരുന്നു ആ കൊലപാതകം. എന്നാല്‍ ഇപ്പോള്‍ അവിടെ കൊലപാതകങ്ങള്‍ ഇല്ലാതായി. കള്ളകടത്ത് ഉപേക്ഷിച്ച് ആളുകള്‍ ജോലിക്ക് പോയിത്തുടങ്ങി. അവരില്‍ പലരുടെയും മക്കള്‍ ഇപ്പോള്‍ അള്‍ത്താരബാലന്മാരാണ്.

തെരുവുകളില്‍ ഫുട്ബോള്‍ കളിച്ചിരുന്ന കുട്ടികളുമായാണ് അദ്ദേഹം ആദ്യം ചങ്ങാത്തം കൂടിയത്. അവരില്‍ നിന്ന് മറ്റുള്ളവരിലേക്കും ആ ചങ്ങാത്തം വളര്‍ന്നു. “ബ്രസീലുകാര്‍ക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല സുവിശേഷമാണ് ഫുട്ബാള്‍”, ഫാ. തോമസ്‌ പറയുന്നു.

ആയിരക്കണക്കിന് വരുന്ന ചേരിനിവാസികള്‍ക്ക് ‘തോമസ്‌ പാതിരി’ ഒരു രക്ഷകനാണ്‌. തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് അധപതിച്ചുകൊണ്ടിരുന്ന ആ തെരുവുകളില്‍ പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും നാളം തെളിച്ച ദൈവദൂതന്‍. സാധാരണക്കാര്‍ ഇന്നും കടന്ന് ചെല്ലാന്‍ പേടിക്കുന്ന ആ തെരുവുകളില്‍ നിര്‍ഭയനായി ഫാ. തോമസ്‌ സുവിശേഷം പ്രസംഗിക്കുന്നു.

Source: നഷ്ട്ടപ്പെട്ട ആടുകളുടെ ഇടയന്‍, സുനീഷ് തോമസ്‌ (പുസ്തകം 33, ലക്കം 4)

നിക്ക് : “No hands, No legs; No worries”



“No hands, No legs; No worries”
-Nick Vujicic

രണ്ടു കൈകളും രണ്ടു കാലുകളും ഇല്ലാത്ത ഈ ചെറുപ്പക്കാരന്‍ ഇത് വരെ സഞ്ചരിച്ചത് 44 രാജ്യങ്ങള്‍. സെല്‍ഫ് മോട്ടിവേഷനെ പറ്റിയും, ദൈവവിശ്വാസത്തെപറ്റിയും ഇത് വരെ അയാള്‍ സംവദിച്ചത് 5 ഭൂഖണ്ഡത്തില്‍ നിന്നുള്ള ഏകദേശം 30 ലക്ഷം മനുഷ്യരോട്.



പരസഹായം കൂടാതെ ഒന്ന് അനങ്ങുവാന്‍ പോലും പറ്റില്ലാത്ത അവസ്ഥയില്‍ നിന്ന്, മാതാപിതാക്കളുടെ പ്രോത്സാഹനവും, അയാളുടെ തന്നെ കഠിനപ്രയത്നവും ഉറച്ച ദൈവവിശ്വാസവും കൊണ്ട് നിക്ക് (Nick) മറികടന്നത് മനുഷ്യബുദ്ധിക്ക് അസാദ്ധ്യം എന്ന് തോന്നുന്ന കടമ്പകളാണ്. ലോകമെമ്പാടുമുള്ള എണ്ണമറ്റ മനുഷ്യരെ നിരാശയുടെ പടുകുഴിയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നിട്ടുണ്ട് ഓസ്ട്രലിയക്കാരനായ ഈ ചെറുപ്പക്കാരന്‍.



പൊക്കകുറവിനെ പറ്റിയും, മുഖകുരുവിനെ പറ്റിയും, മുടികൊഴിച്ചിലിനെ പറ്റിയുമൊക്കെ പറഞ്ഞു വേവലാതിപ്പെടുന്ന മനുഷ്യര്‍ക്ക്‌ കാട്ടിക്കൊടുക്കാന്‍ ഇതിലും നല്ലൊരു ഉദ്ധാഹരണമില്ല...


St. Mary’s Syro – Malabar Church, Champakulam : ചമ്പക്കുളം പള്ളി

ആലപ്പുഴ ജില്ലയിലെ ഏറ്റവും പുരാതനമായ പള്ളികളില്‍ ഒന്നാണ് പമ്പാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ചമ്പകുളം കല്ലൂര്‍ക്കാട് പള്ളി. ആലപ്പുഴയുടെ വശ്യസൗന്ദര്യവും, നൂറ്റാണ്ടുകളുടെ കഥകള്‍ ഉറങ്ങുന്ന പള്ളിയും ഏതൊരാളുടെയും മനസ്സ് കവരുന്നതാണ്.


പള്ളി : . A. D. 427 ലാണ് ചമ്പക്കുളം പള്ളിയുടെ സ്ഥാപനം. ആദ്യകാലത്ത് തോമാശ്ലീഹ സ്ഥാപിച്ച നിരണം പള്ളിയുടെ കീഴില്‍ ആയിരുന്നു ചമ്പകുളം പള്ളി. പിന്നീട് കലൂര്‍ക്കാട്‌ പ്രശസ്തമായ ഒരു വ്യാപാര കേന്ദ്രമാവുകയും മറ്റു ദേശങ്ങളില്‍ നിന്ന് ആളുകള്‍ ഇവിടേക്ക് വന്നു ചേരുകയും ഇവിടുത്തെ ക്രിസ്ത്യന്‍ സമൂഹം വളരുകയും ചെയ്തു. അതിന്‍റെ ഫലമായി ചമ്പക്കുളം പള്ളിയുടെ പ്രസക്തി വര്‍ദ്ധിച്ചു. ആലപുഴ ജില്ലയിലെ കത്തോലികാ ദേവാലയങ്ങളുടെയെല്ലാം മാതൃദേവലയമായാണ് ചമ്പക്കുളം പള്ളി കരുതപ്പെടുന്നത്.



കൊത്തുപണികള്‍ കൊണ്ട് അലങ്കരിക്കപെട്ട അള്‍ത്താര, മ്യുറല്‍ ചിത്രങ്ങളാല്‍ സമൃദ്ധമായ ചുമരുകള്‍, പോയകാലത്തിന്‍റെ ബാക്കിപത്രങ്ങളായ കല്‍ഫലകങ്ങള്‍ ഇവയൊക്കെയാണ് ചമ്പക്കുളം പള്ളിയിലെ കാഴ്ച്ചകള്‍. ചരിത്രത്തില്‍ താല്പര്യമുള്ള വിദേശികളും സ്വദേശികളുമായ ഒട്ടേറെ ആളുകള്‍ ഈ പള്ളി കാണുവാന്‍ വരാറുണ്ട്.



ചമ്പക്കുളം മൂലം വള്ളംകളി: ആറന്മുള വള്ളംകളി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പഴക്കമുള്ള വള്ളം കളികളില്‍ ഒന്നാണ് ചമ്പക്കുളം വള്ളംകളി. പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പള്ളിയുടെ മുന്‍പില്‍ കൂടിയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ കുതിച്ചു പായാറുള്ളത്. പ്രശസ്തമായ ചമ്പകുളം ചുണ്ടന്‍റെ നാടുകൂടിയാണിത്.



കടപ്പാട് (Photos and Information) : 
NSC Network: http://www.nasrani.net/

Champakulam Church FB Page: https://www.facebook.com/Kalloorkadu-ST-Marys-Forane-Church-Champakulam-419014424851104/timeline/

Champakulam Chundan FB Page: https://www.facebook.com/champakulamchundan?fref=ts