Sunday, October 11, 2015

വാഴ്ത്തണ്ട, വീഴ്ത്താതിരുന്നുകൂടെ


വല്ലാതങ്ങ് വായുവലിക്കുകയാണ് വല്യമ്മച്ചി! വായില്‍ വെള്ളം വീഴ്ത്തുന്ന ഏകമകള്‍ വിങ്ങിപ്പൊട്ടി. അയല്‍ക്കാരിയംമ്മച്ചി അമിട്ടുപൊട്ടുംപോലെ “ഈശോ, മറിയം...” ചൊല്ലിക്കൊടുക്കുന്നു. കണ്ണടഞ്ഞാലുടനെ കയ്യും കാലും കെട്ടാനും, വായും താടിയും മൂടിക്കെട്ടാനുമായി മുണ്ടും കീറിക്കൊണ്ടോരാള്‍ അടുത്തുണ്ട്. മുറിക്കുള്ളില്‍ ഒരു പെരുനാളിനുള്ളയാളുണ്ട്. ഉള്ള വായുകൂടികൊടുക്കാതെ ചുറ്റും നിന്ന് കാഴ്ച കാണുന്ന മഹാജനത്തെ മുറിക്കു പുറത്തിറക്കാന്‍ മുഷിഞ്ഞു സംസാരിക്കേണ്ടിവന്നു. മുറിക്കുള്ളില്‍ നിന്നും മുപ്പതോളം പേര്‍ മാറിയപ്പോഴേ, നെഞ്ചുംതള്ളി ആഞ്ഞുവലിച്ചിരുന്ന വല്യമ്മച്ചിയുടെ ‘വലി’യൊന്ന് അയഞ്ഞു . രോഗീലേപനം കഴിഞ്ഞതോടെ ആകെ ആശ്വാസം! പെട്ടിവാങ്ങാന്‍  പോകാന്‍ കച്ചകെട്ടിനിന്നവര്‍ക്കും, വട്ടചിലവിനു തുട്ടുകിട്ടാന്‍ കാത്തുനിന്നവര്‍ക്കും ആകെ നൈരാശ്യം! കുര്‍ബാനയപ്പത്തിന്‍റെ അല്പംമാത്രം ഉള്‍കൊണ്ട അമ്മച്ചിയെ ശാന്തയായി കിടക്കാന്‍ അനുവദിച്ചിട്ട്‌ ഞാന്‍ പുറത്തേക്കിറങ്ങി. “ഉടനെയെങ്ങും കാണില്ല, അല്ലേ അച്ചാ?”... കരപ്രമാണിയുടെ ചോദ്യത്തിനു ഞാനൊന്നും മിണ്ടിയില്ല. കൂടെനിന്നവര്‍ വീടുവിട്ടു.

 ഒരു കപ്പു കാപ്പിയുമായി എത്തിയ മകള്‍ എന്നോട് കുശുകുശുത്തു: “കണ്ടില്ലേ അച്ചാ, എന്‍റെ അമ്മയെ നോക്കുന്ന രീതി. വീറും വൃത്തിയുമില്ല. മരുന്നൊക്കെ കൃത്യം കൊടുത്തിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഭക്ഷണം തന്നെ കൊടുക്കുന്നുണ്ടോ എന്ന് ആര്‍ക്കറിയാം. എല്ലാ ദിവസവും അമ്മയെ ഒന്ന് തുടച്ചാലെന്താ. മൂത്രത്തിന്‍റെ മണം മുറിക്കുള്ളിലാകെയുണ്ട്. അവള്‍ക്ക് മലവും മൂത്രവുമെടുക്കാന്‍ മടികാണും. എന്നാല്‍ സ്വന്തം മോനെങ്കിലും നോക്കിക്കൂടെ... മരണവെപ്രാളം കാട്ടിയിട്ടും അവള്‍ക്കൊരു കൂസലുണ്ടോ? അച്ചനൊന്നു ഉപദേശിക്കണം.” കുറ്റാരോപണങ്ങള്‍ക്ക് ഒടുവില്‍ ഞാന്‍ അങ്ങോട്ട്  ചോദിച്ചു: “നീ ഏക മകളല്ലേ. വീട് അടുത്ത പട്ടണത്തിലല്ലേ? എത്രനേരം വന്നു നീ നിന്‍റെ അമ്മയെ നോക്കി? അസുഖം കൂടുതലാണെന്ന് അറിഞ്ഞു വന്നതല്ലെ. മാസമൊന്നെങ്കിലുമായില്ലേ തള്ളയെ കണ്ടിട്ട്? നീ എത്ര തവണ ഇവരെ കുളിപ്പിച്ചു? മലമൂത്രമെടുത്തോ ? മൂന്നുവര്‍ഷത്തോളം കിടന്നകിടപ്പിലായ ഈ തള്ളയെ ഇത്രയൊക്കെ നോക്കിയതിനു വീട്ടിലുള്ള മരുമകളെ സ്തുതിക്കണം. നീയായിരുന്നെങ്കില്‍ മൂന്നുദിവസം നില്ക്കുമായിരുന്നോ ?” ഉത്തരംമുട്ടി അവള്‍ വട്ടംകറങ്ങി നിന്നു. “അന്യവീട്ടില്‍ നിന്നും വന്ന ഇവളെ കുറ്റപ്പെടുത്താന്‍, അടുത്തുകിടന്നിട്ടും വന്ന് അമ്മയെ നോക്കാത്ത നിനക്ക് അവകാശമില്ല. മാത്രമല്ല, നീയിങ്ങനെ കുറ്റംപറഞ്ഞാല്‍ ഉള്ള നന്മയുംകൂടി നാത്തൂനില്‍നിന്നും ചോര്‍ന്നുപോകും. അതിന്‍റെ കുറവ് അമ്മയ്ക്ക് ലഭിക്കുന്ന ശുശ്രൂഷകളെയാണ് ഇനിയും ബാധിക്കുക. കഷ്ട്ടപ്പെട്ടു അമ്മയെ നോക്കിയതിനു കൂലികൊടുത്തില്ലെങ്കിലും കുറ്റംപറയരുത്.” കാപ്പിയുടെ കപ്പുമെടുത്ത് അവള്‍ ശരവേഗത്തില്‍ സ്ഥലംവിട്ടു.

“വടക്കന്‍കാറ്റ് മഴകൊണ്ടുവരും; ഏഷണി പറയുന്ന നാവ് രോഷം കൊണ്ടുവരും” (സുഭാ. 25: 23).


വാര്‍ധ്യക്യങ്ങള്‍ക്കു നല്കുന്ന ശുശ്രൂഷയ്ക്ക് വിലയേറെയുണ്ട്. ആസന്നമരണരുടെ അനുഗ്രഹങ്ങള്‍ അടുത്ത തലമുറയിലേക്കും പടരും. അവരെ ശുശ്രൂഷിക്കുന്നവരെ ആദരിക്കുകയും അനുമോദിക്കുകയും അംഗീകരിക്കുകയും വേണം. ആക്ഷേപവും അവഹേളനവും അവരില്‍ മടുപ്പുണ്ടാക്കും. ചെയ്യുന്ന നന്മപോലും ചെയ്യാതിരിക്കത്തക്കവണ്ണം അത് അവരില്‍ നിഷ്ക്രിയത്വം സൃഷ്ടിക്കും. അമ്മയെയും അപ്പനെയും നോക്കുന്നില്ലെന്നുള്ള പരാതി പരസ്യമായി പ്രകടിപ്പിക്കുന്ന മക്കള്‍, അവര്‍ക്ക് മരുമക്കളില്‍നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന ‘ഉള്ള പരിഗണന’ പോലും നഷ്ടപ്പെടുത്തും. പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്തരുത്. വാഴ്ത്തിയില്ലെങ്കിലും വീഴ്ത്താന്‍ നോക്കരുത്.


“വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക; വായ്ക്ക് വാതിലും പൂട്ടും നിര്‍മ്മിക്കുക” (പ്രഭാ. 28: 25).

Sunday, October 4, 2015

ഇറ്റലി ചുറ്റിച്ചവന്‍ - പുറംവാതില്‍




നേട്ടക്കണക്കുകള്‍ കൂട്ടിക്കൂട്ടി ഒടുവില്‍ അവനാ കെട്ടങ്ങുറപ്പിച്ചു. ഓട്ടക്കാശിനുപോലും വകയില്ലാതെ തട്ടിമുട്ടി പോകവെയാണ് രണ്ടാംകെട്ടുകാരിയുടെ വിവാഹപ്പരസ്യം കണ്ടത്. “തന്‍റെതല്ലാത്ത കാരണത്താല്‍” ആദ്യകെട്ടു പൊട്ടിപ്പോയ രേഖ എന്ന ഹതഭാഗ്യ!! അവള്‍ക്കൊരു ജീവിതം കൊടുത്തേക്കാമെന്ന് രാജേഷ്‌ തീരുമാനിച്ചു. വെറുതെയല്ല!! ഇറ്റലിയില്‍ ജോലിയുള്ള പെണ്ണ്! എഴുപതടുത്ത മാതാപിതാക്കളുടെ ഏകമകള്‍! കെട്ടോടെ ഇറ്റലിക്ക് വിട്ടേക്കാം എന്നുറപ്പ്! പത്തുവയസ്സോളം പ്രായക്കൂടുതല്‍ പെണ്ണിനുണ്ടെങ്കിലെന്താ, പൂത്ത പണമല്ലേ ഉള്ളത്? രേഖയുടെ വീടുംപറമ്പും മാതാപിതാക്കളുടെ കാലശേഷം തന്‍റെ കൈയ്യില്‍ വന്നുചേരുമെന്നും രാജേഷ്‌ കണക്കുകൂട്ടി. ആദ്യവിവാഹം അസാധുവാക്കാനുള്ള അവസരവും നോക്കിയിരുന്നാല്‍ നെരംപോകും! ആരെങ്കിലും തട്ടിയെടുത്താലോ ? ആഘോഷമായി പള്ളിയില്‍ വെച്ച് കെട്ടുനടത്തണമെങ്കില്‍ കേസും കോടതിയുമായി വര്‍ഷങ്ങളെടുക്കും. കിട്ടിയ ഭാഗ്യദേവത വിട്ടുപോയാലോ? അധികമാരുമറിയാതെയും ആര്‍ഭാടരഹിതമായും ഒതുക്കത്തിലങ്ങു കാര്യം നടത്താന്‍ ഇരുവരും തീരുമാനിച്ചു. സര്‍ക്കാരാഫീസിനെ മണ്ഡപമാക്കി, രജിസ്ട്രാറെ കാര്‍മ്മികനാക്കി ലളിതസുന്ദരമായി വിവാഹം പരികര്‍മ്മം ചെയ്തു. 

ആദ്യ ആഴ്ച ആഘോഷപൂര്‍വ്വം അടിച്ചുപൊളിച്ചു. രാജേഷിന്‍റെ മാതാപിതാക്കള്‍ക്കും ഏക അനിയനും പുതിയ ‘ചേച്ചിയെ’ ഇഷ്ടവുമായി. പക്ഷേ കാര്യം കഷ്ടത്തിലാകാന്‍ അധിക നേരം വേണ്ടല്ലോ? തൊട്ടതിനെല്ലാം ഭാര്യയോട് ‘തുട്ടു’ ചോദിക്കുന്ന ഭര്‍ത്താവിനോട് ഭാര്യക്ക്‌ ഇഷ്ടക്കേടായി. ഹോട്ടലില്‍ കൊടുത്ത ‘ടിപ്പി’നു പോലും കണക്കുപറയുന്നവളോട് രാജേഷിനും നീരസമായി. പൊട്ടിത്തെറിക്കാതെ ഒട്ടിനിന്നു കഴിയുന്നത്ര വെട്ടിപ്പിടിക്കാനായി രാജേഷ്‌ കഷ്ടപ്പെട്ടു. 

ഇതിനിടയിലാണ് ‘തന്‍റെതല്ലാത്ത കാരണത്താല്‍’ വിവാഹമോചനം നേടിയ രേഖയുടെ ‘നേര്‍രേഖ വിട്ട’ പോക്കുകള്‍ ശ്രദ്ധയില്‍പെട്ടു രാജേഷ്‌ ഞെട്ടിയത്! മണിക്കൂറുകള്‍ നീളുന്ന ഫോണ്‍വിളികള്‍! മെനക്കെട്ടിരുന്നുള്ള നെറ്റിലെ ചാറ്റുകള്‍!! നെഞ്ചില്‍ കൊള്ളുന്ന കൊഞ്ചല്‍ മൊഴികള്‍! ഒടുവിലവനാവഞ്ചന തിരിച്ചറിഞ്ഞു. എങ്കിലും ഇറ്റലിസ്വപ്നവുമായി, തെറ്റെല്ലാം പൊറുത്ത്, നീറ്റലുമകറ്റി അവന്‍ തോറ്റുകൊടുത്തു. വര്‍ഷം രണ്ടു കഴിഞ്ഞു! ഇറ്റലിക്കു പകരം അവള്‍ തന്നെ ‘ഒറ്റാലില്‍’പ്പെടുത്തിയെന്ന് രാജേഷ്‌ മനസ്സിലാക്കി . നാട്ടുകാരെ ബോധിപ്പിക്കാനൊരു പേരിനു മാത്രമുള്ള ഭര്‍ത്താവിനെയേ രേഖയ്ക്കാവശ്യമുള്ളു. ബാക്കിയെല്ലാ കാര്യങ്ങള്‍ക്കു ഇറ്റലിയില്‍ ചുറ്റുന്ന അവള്‍ക്ക് മറ്റു ആണുങ്ങളേറെയുണ്ട്. ഇതിനിടെയില്‍ ആദ്യഭര്‍ത്താവു നല്കിയ അനുഭവസാക്ഷ്യങ്ങള്‍കൂടി കേട്ടതോടെ തളര്‍ന്നുപോയ അവനെ തണുപ്പിച്ചെടുക്കാന്‍  മണിക്കൂറുകള്‍ എടുത്തു. “ധനത്തിനു വേണ്ടി സ്ത്രീയെ മോഹിക്കരുത്. ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചു കഴിയുന്നവന് കോപവും നിന്ദയും അപകീര്‍ത്തിയും ഫലം!” 
(പ്രഭാ. 25: 32).

കൂട്ടിക്കിഴിച്ച് നേട്ടം കൊയ്യാനായി ശരിയായ നോട്ടംപോലുമില്ലാതെ കെട്ടുന്ന ഒട്ടു മിക്ക വിവാഹങ്ങളും പൊട്ടിപ്പോകും. വിദേശജോലിക്കാരെ കെട്ടി സ്വദേശം വിട്ട പലരുമിന്ന് സ്വഭവനങ്ങളില്‍  പോലും പരദേശികളായി പാര്‍ക്കേണ്ടിവരുന്നു. ശമ്പളക്കൂടുതലുള്ള ഭാര്യമാരുടെ വീമ്പിളക്കലുകള്‍ക്കു മുന്‍പില്‍ കൊമ്പുകുത്തി കുമ്പിട്ടിരിക്കുന്ന വമ്പന്മാരുണ്ട്. നൊമ്പരം മാറ്റാന്‍ കമ്പനികൂടി കുടിച്ചു കൂമ്പുവാടി അമ്പേ ഒടുങ്ങിയവരുമുണ്ട്. വിവാഹത്തിന്‍റെ സ്വഭാവമായ ഏകതയും അവിഭാജ്യതയും പാലിക്കപ്പെടാനും, ലക്ഷ്യമായ ജീവദായകസ്നേഹം പൂര്‍ത്തിയാക്കാനും ശരിയായ അന്വേഷണങ്ങളും നേരായ നിലപാടുകളും കൂടിയേ തീരൂ..

“സൗകുമാര്യം വഞ്ചനനിറഞ്ഞതും, സൗന്ദര്യം വ്യര്‍ത്ഥവുമത്രേ. എന്നാല്‍ ദൈവഭക്തിയുള്ള സ്ത്രീ പ്രശംസയര്‍ഹിക്കുന്നു”

(സുഭാ. 31:30)